തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണച്ചട്ടത്തില്‍ ഇളവ് വരുത്തി കേരള സര്‍ക്കാര്‍. നിര്‍മ്മിക്കുന്ന എല്ലാ വീടുകള്‍ക്കും മഴവെള്ള സംഭരണി വേണമെന്ന കെട്ടിട നിര്‍മ്മാണച്ചട്ടത്തിലെ നിബന്ധനയിലാണ് ഇളവ് വരുത്തിയത്. അഞ്ച് സെന്റ് ഭൂമിയില്‍ നിര്‍മ്മിക്കുന്ന വീടുകളെയും 300 ചതുരശ്ര മീറ്ററില്‍ താഴെ വിസ്തീര്‍ണമുള്ള വീടുകളെയും ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
നിര്‍മ്മാണ മേഖലയിലെ സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് മാറ്റം. 2019 നവംബര്‍ 8ന് വിജ്ഞാപനം ചെയ്ത പരിഷ്‌കരിച്ച കെട്ടിടനിര്‍മ്മാണച്ചട്ടങ്ങളിലെ ഇതുള്‍പ്പെടെയുള്ള ഭേദഗതികള്‍ യോഗം അംഗീകരിച്ചു. നിര്‍മ്മാണ മേഖലയ്ക്ക് ലഭിച്ചിരുന്ന ചില ആനുകൂല്യങ്ങള്‍ 2019 ലെ ഭേദഗതിയിലൂടെ നഷ്ടപ്പെടുന്നതായി സംഘടനകള്‍ പരാതി ഉന്നയിച്ചിരുന്നു. സ്ഥലത്തിനനുസരിച്ചു കെട്ടിടത്തിന് എത്ര വിസ്തീര്‍ണം ആകാമെന്നതിന്റെ അനുപാതം കണക്കാക്കുന്നത് നിര്‍മ്മിത വിസ്തൃതിയുടെ അടിസ്ഥാനത്തിലാക്കിയ രീതി ഒഴിവാക്കി. നേരത്തെയും തറ വിസ്തീര്‍ണ അനുപാതം ഉണ്ടായിരുന്നെങ്കിലും ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കും മറ്റും പാര്‍ക്കിങ് ഏരിയ, ഇലക്‌ട്രിക്കല്‍ റൂം, വരാന്ത തുടങ്ങിയവ ഒഴിവാക്കിയാണ് ഇതു നിശ്ചയിച്ചിരുന്നത്.