ദില്ലി: കേരളത്തില്‍ ഏറെ കുപ്രസിദ്ധിയാര്‍ജിച്ച മോഷ്ടാവ് ബണ്ടി ചോര്‍ മോഷണക്കേസില്‍ വീണ്ടും അറസ്റ്റിലായി. ഉത്തര്‍പ്രദേശ് കാണ്‍പൂരില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചിത്തരഞ്ജന്‍ പാര്‍ക്കില്‍ നടന്ന ചില മോഷണക്കേസുമായി ബന്ധപ്പെട്ടാണ് ബണ്ടി ചോര്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. പത്ത് വര്‍ഷത്തെ തടവുശിക്ഷ കഴിഞ്ഞ് ജനുവരി 27നാണ് ഇയാള്‍ കേരളത്തിലെ ജയിലില്‍ നിന്നും മോചിതനായത്. തുടര്‍ന്നാണ് ഇയാള്‍ ഡല്‍ഹിയിലേക്കെത്തിയും മോഷണം തുടര്‍ന്നത്.
യുപിയിലെ കാണ്‍പൂരില്‍ നിന്ന് ‘ബണ്ടി ചോര്‍’ എന്ന ദേവീന്ദര്‍ സിങ്ങിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഗ്രേറ്റര്‍ കൈലാഷ് 2 ഏരിയയിലെ രണ്ട് വീടുകളില്‍ മോഷണം നടത്തിയ ശേഷം ഒളിവിലായിരുന്നു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ഡിസിപി സൗത്ത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. അറസ്റ്റ് നടപടികളെല്ലാം പൂര്‍ത്തിയാക്കുകയും ഇയാളുടെ വൈദ്യ പരിശോധന നടത്തുകയും ചെയ്തെന്നും പോലീസ് വ്യക്തമാക്കി.