തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളിൽ വെള്ളിയാഴ്ച (ഡിസംബർ 4) പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫീസുകൾക്ക് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി.
ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.
‘ബുറെവി’ ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ തമിഴ്നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമർദമായി മാറിയിരിക്കുന്നു എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2020 ഡിസംബർ 3 ന് അർദ്ധരാത്രിയോടെ തന്നെ രാമനാഥപുരത്ത് കൂടി കരയിൽ പ്രവേശിക്കും. കാറ്റ് ഇന്ന് കേരളത്തിലെത്തില്ലെങ്കിലും സംസ്ഥാനത്ത് കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. നാളെ ഉച്ചയോടുകൂടി കേരളത്തിലെത്തുന്ന ബുറെവി അതിതീവ്ര ന്യൂനമർദ്ദമായി അറബികടലിൽ പതിക്കുമെന്നും അവർ വ്യക്തമാക്കുന്നു.
ബുറേവി ചുഴലിക്കാറ്റും അനുബന്ധിച്ചുണ്ടായേക്കാവുന്ന ന്യൂന്മർദ്ദത്തിന്റെയും പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെ പോളിടെക്‌നിക് കോളേജുകളിൽ വെള്ളിയാഴ്ച നടത്താനിരുന്ന സ്പോട് അഡ്മിഷൻ ശനിയാഴ്ചയിലേക്ക് മാറ്റി.
സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. കേരള സർവകലാശാല നാളെ (ഡിസംബർ 4) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. എം.ജി സർവകലാശാലയും ഡിസംബർ 4 ലെ പരീക്ഷകൾ മാറ്റിവെച്ചു.