ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്നും നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചു. ജഡ്ജിയെ ജുഡീഷ്യൽ ജോലികളിൽ നിന്ന് മാറ്റി നിർത്താനും നിർദേശം നൽകി. സംഭവത്തിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ സമർപ്പിച്ച റിപ്പോർട്ട് സുപ്രീംകോടതി പുറത്തുവിട്ടു. ഇതോടൊപ്പം കത്തിയ നോട്ടുകെട്ടുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും സുപ്രീംകോടതി പുറത്തു വിട്ടിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്. പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി എസ് സന്താവാലിയ, കർണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമൻ എന്നിവരാണ് അന്വേഷണ സമിതിയിലുള്ളത്. ഇവരുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി തുടർനടപടികൾ സ്വീകരിക്കുക. ഹോലി ദിവസമായ മാർച്ച് 14 ന് രാത്രി 11. 35 നാണ് ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയുടെ സ്‌റ്റോർ റൂമിൽ തീപിടുത്തമുണ്ടായത്. തീ അണച്ചശേഷം നാശനഷ്ടങ്ങൾ വിലയിരുത്താൻ നടത്തിയ പരിശോധനയിലാണ് പാതി കത്തിയ നിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തുന്നത്.
അതേസമയം തനിക്കെതിരായ ആരോപണങ്ങൾ ജസ്റ്റിസ് യശ്വന്ത് വർമ്മ നിഷേധിച്ചു. തീപിടിച്ചതും പണം കണ്ടെത്തിയതുമായ മുറി ജഡ്ജിയും കുടുംബവും താമസിക്കുന്ന പ്രധാന കെട്ടിടമല്ലെന്നും ഔട്ട്ഹൗസാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റോർ റൂമിൽ താനോ കുടുംബാംഗങ്ങളോ പണം സൂക്ഷിച്ചിട്ടില്ല. സ്റ്റാഫ് ക്വാർട്ടേഴ്സിന് സമീപമുള്ള തുറന്നതും, എളുപ്പത്തിൽ ആർക്കും കടന്നെത്താവുന്നതും, സാധാരണയായി ഉപയോഗിക്കുന്നതുമായ സ്റ്റോർറൂമിലോ അല്ലെങ്കിൽ ഔട്ട്ഹൗസിലോ പണം സൂക്ഷിച്ചുവെന്ന ആരോപണം അവിശ്വസനീയവും അസംബന്ധവുമാണ്.
ഔദ്യോഗിക വസതിയിൽ നിന്ന് പൂർണ്ണമായും വേർപെടുത്തിയ ഒരു മുറിയാണിത്. താൻ താമസിക്കുന്ന വസതിയിൽ നിന്നും മതിൽ കെട്ടി വേർത്രിച്ച ഭാഗത്താണ് ഔട്ട്ഹൗസ് സ്ഥിതി ചെയ്യുന്നത്. തീപിടുത്തമുണ്ടായ സമയത്ത് താൻ ഔദ്യോഗിക വസതിയിൽ ഉണ്ടായിരുന്നില്ല. താനോ കുടുംബമോ താമസിച്ചിരുന്ന സ്ഥലത്തു നിന്നും ഒരു പണവും കണ്ടെത്തിയിട്ടില്ല. ജഡ്ജി എന്ന നിലയിൽ തന്റെ പ്രശസ്തിയും സ്വഭാവവും കളങ്കപ്പെടുത്തുക ലക്ഷ്യമിട്ടാണ് ആരോപണങ്ങളെന്നും ജസ്റ്റിസ് യശ്വന്ത് വർമ വിശദീകരണത്തിൽ പറഞ്ഞു.