ആലുവ : അമിതവേഗത്തിലെത്തിയ സ്വകാര്യബസ് കെഎസ്ആര്‍ടിസി യുടെ പിന്നിലിടിച്ച് 14 പേര്‍ക്ക് പരിക്ക്. മൂന്നു പേരുടെ നില ഗുരുതരം. ആലുവ ബാങ്ക് കവലയില്‍ ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. രണ്ട് പേര്‍ക്ക് മുഖത്തും ശരീരത്തിലും സാരമായ പരിക്കുണ്ട്. മുപ്പത്തടത്ത് നിന്ന് ആലുവയിലേക്ക് വരുകയായിരുന്ന ആകാശ് എന്ന ബസാണ് അപകടമുണ്ടാക്കിയത്. നഗരത്തിലെ തിരക്കേറിയ ബാങ്ക് കവല ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്നില്‍ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബസിനകത്ത് തെറിച്ചുവീണും മുഖം കമ്പിയില്‍ ഇടിച്ചും മറ്റുമാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. വരുന്ന വഴി കടുങ്ങല്ലുര്‍ നരസിംഹ സ്വാമി ക്ഷേത്രത്തിന് മുന്നിലെ പോസ്റ്റില്‍ ഇടിച്ചിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു.
അപകടത്തില്‍ സ്വകാര്യ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസിലുണ്ടായിരുന്ന വിദ്യര്‍ഥികളടക്കമുള്ള 14 പേര്‍ക്കാണ് പരിക്ക്. പരിക്കേറ്റവരെ ഉടന്‍ അടുത്തുള്ള നജാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സാരമായി പരിക്കേറ്റ അടുവാശേരി തേറോടത്ത് സുനിലിന്റെ ഭാര്യ ലേഖ (45) പിന്നീട് രാജഗിരി ആശുപത്രിയില്‍ ചികിത്സ തേടി. മുപ്പത്തടം മുതിരക്കാല സിന്ദു സുദര്‍ശനും (45) സാരമായ പരിക്കേറ്റിരുന്നു.കടുങ്ങല്ലൂര്‍ അമ്പാട്ട് വീട്ടില്‍ ശശിധരന്‍ (62), ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനി എരമം കാട്ടിപ്പറമ്പ് ആദില ഫര്‍ഹത്ത് (15), മുപ്പത്തടം കാരോത്തുകുന്ന് പ്രമീഷ (34), മക്കളായ ഫാത്തിമ നിഹാല (എട്ട്), ഫാത്തിമ നസ്റിന്‍ (12), കടുങ്ങല്ലൂര്‍ മരുതംമൂട്ടില്‍ ദിവ്യ ഷാജി (37), കയന്റിക്കര വലിയമാക്കല്‍ സൗമിനി (50), കടുങ്ങല്ലൂര്‍ പുതുവല്‍പ്പറമ്ബ് ഹരിത (24), മുപ്പത്തടം പള്ളിപ്പറമ്പില്‍ ജെയിന്‍ യാസ്മിന്‍ (27), കടുങ്ങല്ലൂര്‍ കുട്ടിക്കാട്ട് ശ്രീദേവി (61), പേരക്കുട്ടി ആദിത്യ (12), ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി തോട്ടക്കാട്ടുകര ചക്കിയൊത്ത് സോന (15) എന്നിവര്‍ക്കും പരിക്കേറ്റു. സ്വകാര്യ ബസോടിച്ച ഡ്രൈവര്‍ മുപ്പത്തടം ശ്രീഭവനില്‍ ശ്രീകുമാറിനെതിരെ പോലീസ് കേസെടുത്തു.