തൃശ്ശൂര്‍: വിദ്യാര്‍ത്ഥിനിക്ക് യാത്ര ഇളവ് നല്‍കാത്തത് ചോദ്യം ചെയ്ത പിതാവിന് മര്‍ദനം. തൃശ്ശൂരിലാണ് സംഭവം. യൂണിഫോം ധരിക്കാത്തതിന്റെ പേരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയില്‍ നിന്നും ഫുള്‍ ചാര്‍ജ് ഈടാക്കുകയായിരുന്നു. തൃശ്ശൂര്‍ – മരോട്ടിച്ചാല്‍ റൂട്ടിലോടുന്ന കാര്‍ത്തിക ബസിലെ കണ്ടക്ടറാണ് പിതാവിനെ മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.
സ്‌കൂളിലേക്ക് പോയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയില്‍ നിന്നും യൂണിഫോം ധരിച്ചില്ല എന്ന കാരണത്താല്‍ ഫുള്‍ ചാര്‍ജ് എന്ന നിലയില്‍ 13 രൂപ ഈടാക്കി. ഇത് ചോദ്യം ചെയ്ത രക്ഷിതാവ് മരോട്ടിച്ചാല്‍ സ്വദേശി നെടിയാനിക്കുഴിയില്‍ സജിയെയാണ് തൃശ്ശൂര്‍ – മാന്ദാമംഗലം – മരോട്ടിച്ചാല്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കാര്‍ത്തിക ബസിലെ കണ്ടക്ടര്‍ മര്‍ദ്ദിക്കുകയും ബസില്‍ നിന്ന് തള്ളി താഴെ ഇടുകയും ചെയ്തത്. സംഭവം കണ്ട് സ്ഥലത്ത് ഉണ്ടായ നാട്ടുകാര്‍ ചേര്‍ന്ന് ബസ് തടഞ്ഞിട്ടതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഒല്ലൂര്‍ പോലീസ് ബസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കണ്ടക്ടര്‍ വെട്ടുകാട് സ്വദേശി അഖിലിനെതിരെ ഒല്ലൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.