കൊല്ലം : വടക്കഞ്ചേരി ബസ് അപകടത്തിൽ ഡ്രൈവർ പിടിയിൽ. കൊല്ലം ചവറയിൽ നിന്നുമാണ് ഇയാൾ പിടിയിലാകുന്നത്. കാറിൽ തിരുവനന്തപുരത്തേയ്ക്ക് പോകും വഴിയാണ് ഡ്രൈവർ ജോമോൻ പിടിയിലാകുന്നത്. ജോമോനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് വടക്കഞ്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്.
അപകടത്തിൽ നിസ്സാര പരുക്കേറ്റ് ചികിത്സ തേടിയ ഇയാൾ ആശുപത്രിയിൽ നിന്ന് മുങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജോമോൻ പിടിയിലായത്. വടക്കാഞ്ചേരി പോലീസും കൊല്ലം പോലീസും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.
വെകുന്നേരം മൂന്ന് മണിയോടെയാണ് ജോമോനെ പിടികൂടുന്നത്. തിരുവനന്തപുരത്ത് അഭിഭാഷകനെ കാണാൻ പോകുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. ജോമോനൊപ്പം ഉണ്ടായിരുന്ന രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോമോനെ വടക്കഞ്ചേരി പോലീസിന് കൈമാറി.