റാന്നി : യാത്രക്കാരെ സംശയത്തിലാഴ്ത്തി ബ്ലോക്കുപടിക്കലെ ബസ് സ്റ്റോപ്പുകള്‍. പഞ്ചായത്തും താലൂക്ക് വികസന സമതിയും തീരുമാനിച്ച ബസ് സ്റ്റോപ്പുകളില്‍ നിന്നും മാറ്റി പോലീസ് ബോര്‍ഡ് സ്ഥാപിച്ചതാണ് സംശയത്തിന് ഇടയാക്കുന്നത്. ബ്ലോക്കുപടിയിലൂടെ ഇരുവശത്തേക്കും എത്തുന്ന ബസുകള്‍ ജംഗ്ഷനില്‍ നിന്നും മാറ്റി നിര്‍ത്തി തുടങ്ങിയതിനു പിന്നാലെ ആണ് പോലീസ് ബോര്‍ഡ് വെച്ചത്. പിന്നാലെ കാത്തിരിപ്പു കേന്ദ്രത്തിന് സമീപം പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലും ബോര്‍ഡുയര്‍ന്നു. ഇതോടെ എവിടെ നിര്‍ത്തണമെന്ന സംശയം ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെയായി. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത ഉന്നത നിലവാരത്തില്‍ പുനരുദ്ധരിച്ചതോടെ പഴയ ബസ് സ്റ്റോപ്പുകളില്‍ തിരക്കേറിയിരുന്നു.
ബസുകള്‍ ഇവിടെ നിര്‍ത്തുന്നതിന് പിന്നാലെ ഗതാഗത കുരുക്കും സൃഷ്ടിച്ചിരുന്നു. ഇത് നിരന്തരം വാര്‍ത്തയായതോടെ ജനപ്രതിനിധികള്‍ ഇടപെട്ട് ബ്ലോക്കുപടി ജംഗ്ഷന് സമീപത്തായി രണ്ടു കാത്തിരിപ്പു കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. പിന്നാലെ ഇവിടെ മാത്രമായി ബസുകള്‍ യാത്രക്കാരെ കയറ്റാനും ഇറക്കാനും നിര്‍ത്താവുവെന്ന് താലൂക്ക് വികസന സമതിയുടെ നിര്‍ദേശവും ഉണ്ടായിരുന്നു. പഞ്ചായത്തും വിഷയത്തില്‍ ഇടപെട്ടതോടെ ബസുകള്‍ കാത്തിരിപ്പുകേന്ദ്രത്തിന് സമീപം നിര്‍ത്താന്‍ തുടങ്ങിയിരുന്നു. യാത്രക്കാരും ഇത് അംഗീകരിച്ചു വന്നതിന് പിന്നാലെയാണ് പോലീസിന്‍റെ ബോര്‍ഡ് സ്ഥാപിച്ചത്. പിന്നാലെ സംശയം ഉയര്‍ന്നതോടെയാണ് പഞ്ചായത്ത് കാത്തിരിപ്പു കേന്ദ്രത്തിന് മുന്നില്‍ ബസ് സ്റ്റോപ്പ് സ്ഥിരീകരിച്ചുള്ള ബോര്‍ഡ് വെച്ചത്.