റാന്നി: സമരങ്ങള്‍ക്കും കോടതി ഉത്തരവിനും പഞ്ചായത്തിന്‍റെ തീരുമാനത്തിനും പുല്ലുവില കല്‍പ്പിച്ച് ഒരു വിഭാഗം സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ. റാന്നി പെരുമ്പുഴ ബസ് സ്റ്റാന്‍ഡിന് മുന്നിലാണ് നഗ്നമായ നിയമലംഘനം മുറപോലെ തുടരുന്നത്. ടൗണിലെ ഗതാഗത തിരക്കിന്‍റെ ഇടയില്‍ നിയമലംഘനം കൂടിയാകുമ്പോള്‍ രൂക്ഷമായ ഗതാഗതകുരുക്കും ഉണ്ടാവുന്നു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുന്ന റാന്നി പെരുമ്പുഴ ബസ് സ്റ്റാൻഡിൽ കയറാതെയാണ് ഒരു വിഭാഗം സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ ഇപ്പോഴും സര്‍വ്വീസ് നടത്തുന്നത്. ബസുകള്‍ പെരുമ്പുഴ സ്റ്റാന്‍ഡില്‍ എത്താതെ റോഡില്‍ നിര്‍ത്തുന്നതു പതിവാണ്. ഇതുമൂലം പലപ്പോഴും റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാവുന്നു. താലൂക്ക് വികസന സമിതി തീരുമാനപ്രകാരം പഞ്ചായത്ത് ഇടപെട്ട് സ്റ്റാന്‍ഡില്‍ ബസുകള്‍ കര്‍ശനമായും കയറി ഇറങ്ങണമെന്ന് നിര്‍ദേശം നല്‍കിയെങ്കിലും ഇത് ആരും പാലിക്കുന്നില്ല. കൂടാതെ സമയം രേഖപ്പെടുത്തി കണ്ടക്ടര്‍ രജിസ്റ്ററില്‍ ഒപ്പിടണമെന്നതും പാലിക്കുന്നില്ല.
മണ്ഡലകാലത്തെ തിരക്ക് നിയന്ത്രിക്കാന്‍ ടൗണില്‍ സ്പെഷ്വല്‍ പോലീസിനെ നിയമിച്ചിരുന്നു. തീര്‍ത്ഥാടനം കഴിഞ്ഞതോടെ ഇവരുടെ സേവനവും ലഭ്യമല്ല. ഉന്നത നിലവാരത്തിൽ റോഡ് വികസിച്ചതോടെ പാതയിൽ ഏതു സമയവും വാഹനങ്ങളുടെ തിരക്കാണ്. ഇതു വകവെയ്ക്കാതെയാണ് ചില സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ റോഡിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. പലപ്പോഴും ബസ് സ്റ്റാൻഡിനോട് ചേർന്നു റോഡിൽ നിർത്തുന്ന ബസുകളിൽ കയറാൻ ആളുകൾ ഓട്ട മത്സരം തന്നെ നടത്തേണ്ട സ്ഥിതിയാണ്. സ്റ്റാന്‍ഡിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ബസ് കാത്തു നിൽക്കുന്നവർക്ക് സ്റ്റാൻഡിന്റെ പുറത്തു റോഡിൽ വരെ ഓടിയെത്തേണ്ട അവസ്ഥയാണ്. താലൂക്ക് ആശുപത്രിയിലേക്കും മറ്റും കയറുന്ന വാഹനങ്ങൾ തലങ്ങും വിലങ്ങും പായുമ്പോൾ ഇത്തരത്തിലുള്ള പ്രവണത അപകടം വിളിച്ചു വരുത്തുന്നതാണ്. ഇതില്‍ പോലീസ്, മോട്ടോര്‍ വാഹനവകുപ്പുകളുടെ ഇടപെടല്‍ അടിയന്തിരമായി വേണമെന്ന ആവശ്യം ശക്തമാണ്.