തിരുവനന്തപുരം: എഡിജിപി അജിത്‌കുമാറും ആർഎസ്‌എസ് നേതാവ് റാം മാധവും തമ്മിലുള്ള കൂടിക്കാഴ്‌ചയിൽ ദുരൂഹത ഉയരുന്നു. കോവളത്ത് നടന്ന ചർച്ചയിൽ ബിസിനസുകാർ ഉൾപ്പെടെ പങ്കെടുത്തുവെന്നാണ് വിവരം. കഴിഞ്ഞ വർഷം അവസാനമാണ് കോവളത്തെ ഹോട്ടലിൽ വച്ച് കൂടിക്കാഴ്‌ച നടന്നത്. എന്നാൽ തന്റെ സുഹൃത്തായ ആർഎസ്‌എസ് നേതാവ് ജയകുമാറിനൊപ്പം ചർച്ച നടത്തിയപ്പോൾ മറ്റ് രണ്ടുപേർ കൂടിയുണ്ടായിരുന്നു എന്നാണ് അജിത്‌കുമാർ പറഞ്ഞത്. അതിലൊന്ന് ചെന്നൈയിൽ ബിസിനസ് നടത്തുന്ന മലയാളിയായ കണ്ണൂർ സ്വദേശിയാണ്. മറ്റൊരാളെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇവർ നടത്തിയ ചർച്ചയുടെ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
അതേസമയം വിഷയത്തിൽ തൽക്കാലം പ്രതികരിക്കാനില്ലെന്നാണ് റാം മാധവ് പറഞ്ഞത്. രാഷ്‌ട്രപതിയുടെ വിശിഷ്‌ട സേവാ മെഡലിനുവേണ്ടി നാലുതവണ അജിത്‌കുമാർ കേന്ദ്രത്തിന് അപേക്ഷ നൽകിയിരുന്നെങ്കിലും ഇത് ലഭിച്ചില്ല. ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് എതിരായതുകൊണ്ടാണ് അദ്ദേഹത്തിന് മെഡൽ ലഭിക്കാതിരുന്നത്. കേന്ദ്ര തീരുമാനം തനിക്കനുകൂലമാകാൻ വേണ്ടിയായിരുന്നോ കൂടിക്കാഴ്‌ചയെന്ന സംശയം ഇപ്പോ ഉയരുകയാണ്. പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ എഡിജിപി അടക്കമുള്ളവർക്കെതിരെ നടക്കുന്ന അന്വേഷണം അതീവ രഹസ്യമായി വേണമെന്ന് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് അന്വേഷണ സംഘങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിരുന്നു.
ആരോപണങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ സംഘങ്ങൾ ആരാണെന്ന വിവരം പോലും പുറത്തു പോകരുതെന്നാണ് ഡിജിപിയുടെ നിർദ്ദേശം. എഡിജിപിയുടെ വീട് നിർമ്മാണവും, ആർഎസ്എസ് നേതാവിനെ കണ്ടതും ഉൾപ്പെടെ സകലതും അന്വേഷണ പരിധിയിലാണുള്ളത്. അതിനാലാണ് അന്വേഷണം അതീവ ഗൗരവത്തിലാക്കാൻ നിർദ്ദേശിച്ചിരിക്കുന്നതും. അന്വേഷണ റിപ്പോർട്ട് ഉടൻ സർക്കാരിന് നൽകുമെന്നാണ് സൂചന. എന്നാൽ അന്വേഷണം തുടങ്ങിയെങ്കിലും അജിത് കുമാറിനെ ക്രമസമാധാന ചുമതലകളിൽ നിന്നും മാറ്റിയില്ല. പക്ഷേ സെപ്‌തംബർ 14 മുതൽ 17വരെ അജിത് അവധിയിൽ പോവുകയാണ്.