ഓച്ചിറ : ബട്ടണ്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് അവശനിലയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരുവയസുകാരന് ദാരുണാന്ത്യം. ഓച്ചിറ പായിക്കുഴി ലക്ഷ്മി നിവാസില്‍ ഷിന്റെ സുദര്‍ശനന്‍, ജയലക്ഷ്മി ദമ്പതികളുടെ ഏകമകന്‍ സരോവറാണ് ഇന്നലെ രാവിലെ 9.30 ഓടെ മരിച്ചത്. ബുധനാഴ്ച രാത്രി 12ഓടെ ഏതോ വസ്തു വിഴുങ്ങിയെന്ന സംശയത്തില്‍ ദമ്പതികള്‍ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും എക്സ്റേയില്‍ ബട്ടണാണെന്ന് കണ്ടെത്തുകയും ചെയ്തു.
തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സ നല്‍കാതെ വിസര്‍ജത്തിലൂടെ പുറത്തുപോകുമെന്ന് വിശ്വസിപ്പിച്ച് രാത്രി 2ഓടെ ആശുപത്രി അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു. കുട്ടി വീണ്ടും അവശനായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ അതെ ആശുപത്രിയില്‍ വീണ്ടുമെത്തിച്ച ശേഷമാണ് മരിച്ചത്. ആശുപത്രിയില്‍ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്നും കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് ബന്ധുക്കള്‍ ഓച്ചിറ പോലീസില്‍ പരാതി നല്‍കി. പിതാവ് ഷിന്റെ ഏഴിമല നാവിക അക്കാഡമിയിലും മാതാവ് ജയലക്ഷ്മി കെ.എസ്.എഫ്.ഇ കായംകുളം ശാഖയിലെയും ഉദ്യോഗസ്ഥരാണ്. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.