തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അച്ചടക്ക നടപടിക്കെതിരെ സംസ്ഥാനത്ത് ഡോക്‌ടര്‍മാരുടെ കൂട്ടരാജി. മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഡോ. അരുണയടക്കം മൂന്നുപേരെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മെഡിക്കല്‍ കോളേജിലെ കൊവിഡ് നോഡല്‍ ഓഫീസര്‍മാരെല്ലാം രാജിവച്ചത്. അധിക ചുമതല വഹിക്കാനാകില്ലെന്നാണ് ഡോക്‌ടര്‍മാരുടെ തീരുമാനം. രാജിക്കത്ത് ഡോക്‌ടര്‍മാര്‍ സര്‍ക്കാരിന് മെയില്‍ അയച്ചു.
മെഡിക്കല്‍ കോളേജിന് മുമ്പില്‍ പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തതും ഡോക്‌ടര്‍മാരെ പ്രകാപിപ്പിച്ചുവെന്നാണ് വിവരം. രാവിലെ ഒമ്പത് മുതല്‍ നടപ്പായ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയതിനാണ് ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെന്നാണ് പോലീസ് വിശദീകരണം. അമ്പതിലധികം പേര്‍ക്കെതിരെയാണ് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഡോക്‌ടര്‍മാര്‍ സമരം നടത്തിയെങ്കിലും ഒ.പികളുടെ പ്രവര്‍ത്തനത്തെ സമരം സാരമായി ബാധിച്ചില്ല. മെഡിക്കല്‍ കോളേജിലെ നഴ്സുമാരും ഇന്ന് കരിദിനം ആചരിക്കുകയാണ്. കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തില്‍ 48 മണിക്കൂര്‍ സത്യാഗ്രഹം ഉടന്‍ ആരംഭിക്കും. റിലേ സത്യാഗ്രഹം തീരും മുമ്പ് സസ്പെന്‍ഷന്‍ നടപടി പിന്‍വലിച്ചില്ലെങ്കില്‍ കൊവിഡ് ഇതര ഡ്യൂട്ടി ബഹിഷ്‌കരിച്ച് പണിമുടക്കിലേക്ക് പോകുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. നടപടി പിന്‍വലിച്ചില്ലെങ്കില്‍ പണിമുടക്കിലേക്ക് പോകുമെന്നാണ് നഴ്സുമാരും പറയുന്നത്. അതേസമയം അന്വേഷണവുമായി മുന്നോട്ട് പോകാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കൊവിഡ് പ്രതിരോധത്തിനിടെയുളള നോഡല്‍ ഓഫീസര്‍മാരുടെ പ്രതിഷേധ രാജി സര്‍ക്കാരിന് നാണക്കേടായി മാറിയിരിക്കുകയാണ്.