തിരുവനന്തപുരം : കുംഭം തുടങ്ങിയപ്പോൾത്തന്നെ ചൂട് കൂടിയതോടെ കുടിവെള്ളം മുട്ടുന്ന തരത്തിൽ ഭൂഗർഭ ജലവിതാനം താഴുന്നു. ഈ അവസ്ഥ തുടർന്നാൽ ഏപ്രിലോടെ കേരളം വരൾച്ചയുടെ പിടിയിലാവും. 2022ൽ ഭൂജലവിതാനം 13 അടി ആയിരുന്നു. ഇപ്പോൾ പത്തിന് താഴെയാണ്.സംസ്ഥാനത്താകെയുള്ള 152 ബ്ളോക്കുകളിൽ ജലവിതാനം മാനദണ്ഡമാക്കി കേന്ദ്ര ഭൂജല ബോർഡും സംസ്ഥാന ഭൂജല വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ അതീവ ഗുരുതര വിഭാഗത്തിൽ മൂന്ന് ബ്ലോക്കുകളുണ്ട്.
കാസർകോട്, ചിറ്റൂർ, മലമ്പുഴ എന്നിവയാണവ. ഭാഗിക ഗുരുതര വിഭാഗത്തിൽ 30 ബ്ലോക്കുകളുണ്ട്. അതിൽ എട്ടും മലപ്പുറത്താണ്. മലപ്പുറം, കൊണ്ടോട്ടി, കുറ്റിപ്പുറം, തിരൂരങ്ങാടി, തിരൂർ, വേങ്ങര, താനൂർ, മങ്കട എന്നിവയാണ് ഭാഗിക ഗുരുതര വിഭാഗത്തിൽപ്പെട്ടത്. മലപ്പുറത്തെ അരീക്കോട്, കാളികാവ്, നിലമ്പൂർ, പെരിന്തൽമണ്ണ, പെരുമ്പടപ്പ്, പൊന്നാനി, വണ്ടൂർ ബ്ലോക്കുകൾ സുരക്ഷിത വിഭാഗത്തിലുമാണ്. തലസ്ഥാന ജില്ലയിൽ ആറ് താലൂക്കിലും ഭൂഗർഭജലം വലിയതോതിൽ കുറഞ്ഞിട്ടുണ്ട്.