തിരുവനന്തപുരം : ഗവർണ്ണർക്കെതിരെ രണ്ടും കല്പിച്ചുള്ള നീക്കത്തിൻറെ ഭാഗമായാണ് ബില്ലുകളില്‍ ഒപ്പിടാത്തതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഭരണത്തലവനെതിരെ സർക്കാർ അസാധാരണ പോരിനിറങ്ങുമ്പോൾ രാജ് ഭവനും പിന്നോട്ടില്ല. സുപ്രീം കോടതിയിൽ നിന്നും തിരിച്ചടിയുണ്ടാകില്ലെന്നാണ് രാജ്ഭവൻ വിലയിരുത്തൽ. ബില്ലുകൾ വെച്ച് താമസിപ്പിക്കുന്ന ഗവർണ്ണർക്കെതിരെ നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലാണ് സർക്കാറിൻറെ ഹർജി. ബില്ലിൽ തീരുമാനം അനന്തമായി നീട്ടരുതെന്ന തെലങ്കാന കേസിലെ സുപ്രീം കോടതി പരാമർശം വന്നത് മുതൽ സർക്കാർ നിയമയുദ്ധത്തിനുള്ള ശ്രമം ശക്തമാക്കിയിരുന്നു. കേസിന് പോയാൽ പിന്നെ ഒരു സമവായവും ഉണ്ടാകില്ലെന്ന രാഷ്ട്രീയ വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ ഇടക്ക് ഹർജി വേണ്ടെന്ന് വെച്ചതാണ്. പക്ഷെ മറ്റ് പല സംസ്ഥാനങ്ങളും ഏറ്റുമുട്ടലിലേക്ക് നീങ്ങിയപ്പോഴാണ് കേരളവും പോരിനിറങ്ങിയത്.
കേസ് കൊടുക്കുമെന്ന പ്രഖ്യാപനം വന്നപ്പോൾ മുതൽ സ്വാഗതം ചെയ്ത ഗവർണ്ണറും വിട്ടുവീഴ്ചക്കില്ല. ബില്ലിൽ ഇത്ര സമയത്തിനുള്ളിൽ ഒപ്പിടാൻ ഒരിക്കലും കോടതി നിർദ്ദേശിക്കില്ലെന്നാണ് രാജ്ഭവൻ വിലയിരുത്തൽ. ഇതിനകം പല നിയമവിദഗ്ധരുമായി ഗവർണ്ണർ ആശയവിനിമയം നടത്തിക്കഴിഞ്ഞു. കേസിനാധാരമായ ബില്ലുകളുടെ നിയമ-ധാർമ്മിക സാധുതകളിലാണ് രാജ്ഭവന്റെ സംശയം. ഒരു ബിൽ ചാൻസിലർ സ്ഥാനത്തു നിന്നും ഗവർണ്ണറെ മാറ്റാനുള്ളത്. മറ്റൊന്ന് വിസി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം കവരുന്നത്. മറ്റൊന്ന് ലോകായുക്തയുടെ അധികാരം ഇല്ലാതാക്കുന്നത്. എല്ലാം സർക്കാറിൻറെ താല്പര്യത്തിനും സ്വജനപക്ഷപാതത്തിനുമെന്നാണ് രാജ്ഭവൻ നിലപാട്.