കോഴഞ്ചേരി: സ്വാതന്ത്ര്യവും ആത്മാഭിമാനവും ആരുടെ മുന്നിലും പണയം വെക്കരുതെന്ന് മലയാളിയെ ഉത്ബോധിപ്പിച്ച യുഗപുരുഷനും ക്രാന്തദര്‍ശിയുമായ ജനനേതാവായിരുന്നു സി. കേശവനെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി. കേശവന്‍റെ 134-ാം ജന്മദിനത്തോടനുബന്ധിച്ച് കോഴഞ്ചേരി സി. കേശവന്‍ സ്ക്വയറില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധഃസ്ഥിത പിന്നോക്ക വിഭാഗങ്ങള്‍ക്കുവേണ്ടി സി. കേശവന്‍ നടത്തിയ ത്യാഗോജ്വലമായ സമരങ്ങള്‍ മനുഷ്യ ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1935 ല്‍ കോഴഞ്ചേരിയില്‍ സി. കേശവന്‍ നടത്തിയ പ്രസംഗം കേരള ചരിത്രത്തിന്‍റെ ഭാഗമാണെന്നും ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക, ദളിത് വിഭാഗങ്ങള്‍ക്കുമെതിരെ അന്നത്തെ ഭരണകൂടം നടത്തിയ ഭീകരതക്കെതിരെ സി. കേശവന്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ വിസ്മരിക്കാന്‍ കഴിയില്ലെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
കോഴഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ജോമോന്‍ പുതുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി കാട്ടൂര്‍ അബ്ദുള്‍സലാം, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്‍റ് ജെറി മാത്യു സാം, നേതാക്കളായ അബ്ദുള്‍കലാം ആസാദ്, അജിത് മണ്ണില്‍, അശോക് ഗോപിനാഥ്, അനീഷ് ചക്കുങ്കല്‍, ജനപ്രതിനിധികളായ സുനിത ഫിലിപ്പ്, റാണി കോശി, രാമചന്ദ്രന്‍ നായര്‍, സാലി ലാലു, പ്രീത ബി നായര്‍, ടൈറ്റസ് മലപ്പുഴശ്ശേരി, ശ്രീകല അയിരൂര്‍, ചെറിയാന്‍ ഇഞ്ചക്കലോടി, മോഹനന്‍ പുന്നയ്ക്കാട്, ജോസ് പുതുപ്പറമ്പില്‍, തോമസ് ജോണ്‍, പ്രസാദ് നക്കരംകുളത്ത് എന്നിവര്‍ പ്രസംഗിച്ചു.