കാസര്‍കോട്: മംഗളൂരുവില്‍ നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ 1800 മലയാളികള്‍ക്ക് കര്‍ണാടക പോലീസിന്റെ നോട്ടീസ്. ഡിസംബര്‍ 19ന് നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ഇത്രയും പേര്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. അന്നത്തെ പ്രക്ഷോഭത്തിനിടെ നടന്ന പോലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭം നടന്ന ദിവസത്തെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് ഇത്രയും പേര്‍ക്ക് നോട്ടീസ് നല്‍കിയത്.
നിരപരാധികളായ ആളുകള്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും മംഗളൂരുവില്‍ നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ മലയാളികളാണെന്ന് വരുത്തിതീര്‍ക്കുകയാണെന്നും ജില്ലാ പഞ്ചായത്ത് അംഗം അലി ഹര്‍ഷാദ് വോര്‍കാടി പറഞ്ഞു. സഞ്ചാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് കര്‍ണാടക പോലീസ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. മംഗളൂരു സിറ്റി ക്രൈം റെക്കോര്‍ഡ് ബ്യൂറോ അസി. കമ്മീഷണറുടെ പേരിലാണ് നോട്ടീസ് വന്നിരിക്കുന്നത്. ഹാജരായില്ലെങ്കില്‍ മറ്റ് നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ പറയുന്നു.
കാസർകോഡ് ജില്ലയുടെ സമീപ നഗരമാണ് മംഗളൂരു. ആളുകള്‍ ആശുപത്രിയടക്കമുള്ള ആവശ്യങ്ങള്‍ക്ക് മംഗളൂരു നഗരത്തെയാണ് ആശ്രയിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് കാസര്‍കോട് നിന്ന് ദിനംപ്രതി വിവിധ ആവശ്യങ്ങള്‍ക്കായി മംഗളൂരുവിലെത്തുന്നത്. ആശുപത്രിയില്‍ പോയവര്‍ക്കടക്കം പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. മത്സ്യമൊത്തക്കച്ചവടക്കാരന്‍ സംഭവ ദിവസം ഭാര്യ റമീലയുടെ ഫോണുമായാണ് മാര്‍ക്കറ്റില്‍ പോയത്. അവര്‍ക്ക് വരെ നോട്ടീസ് നല്‍കിയിട്ടുണ്ട്. മംഗളൂരുവിലെ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകരെ പോലീസ് വ്യാജ മാധ്യമപ്രവര്‍ത്തകരാണെന്നോരോപിച്ച് കസ്റ്റഡിയിലെടുത്തത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു.