പത്തനംതിട്ട : ശബരിമല ശരംകുത്തിയിലെ ബി എസ് എൻ എൽ ടവറിന്റെ വിവിധയിനം കേബിളുകൾ മോഷ്ടിച്ച കേസിൽ 7 പേരെ പമ്പ പോലീസ് പിടികൂടി. ഇടുക്കി കട്ടപ്പന പുളിയൻ മല സ്വദേശികളായ അഖിൽ, അമീൻ, അയ്യപ്പദാസ്, വിക്രമൻ, ഷംനാസ്, രഞ്ജിത്ത്, മുഹമ്മദ് ജലീൽ എന്നിവരാണ് അറസ്റ്റിലായത്. ഒന്നുമുതൽ ആറുവരെ പ്രതികളെ ഇടുക്കി പുളിയൻമലയിൽ നിന്നും ഏഴാം പ്രതി ജലീലിനെ പമ്പയിൽ നിന്നുമാണ് പിടികൂടിയത്. കഴിഞ്ഞ വ്യാഴം രാത്രി 8.30 ന് ശേഷമാണ് മോഷണം നടന്നത്. ടവറിൽ കെടുപാടുകൾ വരുത്തിയശേഷം 280 മീറ്റർ ആർ എഫ് കേബിൾ, 35 മീറ്റർ ഏർത് കേബിൾ, 55 ഡി സി കേബിളുകൾ, 100 മീറ്റർ ലാൻഡ്ലൈൻ കേബിൾ, ഒന്നര കിലോമീറ്റർദൂരം വലിക്കാവുന്ന 5 ജോഡി ലാൻഡ്ലൈൻ കേബിൾ, 50 മീറ്റർ 10/20/50 ലാൻഡ് ലൈൻ കേബിളുകൾ, 5 എം സി ബി കേബിൾ എന്നിവയാണ് മോഷ്ടാക്കൾ കവർന്നത്.
ആകെ രണ്ടര ലക്ഷത്തോളം രൂപയുടെ കേബിളുകളാണ് മോഷ്ടിക്കപ്പെട്ടത്. ബി എസ് എൻ എൽ ഡിവിഷണൽ എഞ്ചിനിയറുടെ പരാതിപ്രകാരം മോഷണത്തിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്ത പമ്പ പോലീസ് ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ ഉത്തരവുപ്രകാരം പ്രത്യേകസംഘം രൂപീകരിച്ച് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരുന്നു. ലഭ്യമായ സൂചനകൾ അനുസരിച്ച് പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നീങ്ങിയ അന്വേഷണസംഘം തന്ത്രപരമായാണ് മോഷ്ടാക്കളെ കുടുക്കിയത്.
ചാലക്കയം മുതൽ പമ്പ വരെയുള്ള ഭാഗത്തെ സി സി ടി വി ദൃശ്യങ്ങൾ പമ്പ പോലീസ് ഇൻസ്‌പെക്ടർ മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ പരിശോധിച്ചപ്പോൾ സംഭവദിവസം രാവിലെ 6 മണിക്ക് ചെളിക്കുഴി ഭാഗത്തുകൂടി കാട്ടിലൂടെ 4 പേർ കയറിപ്പോകുന്നത് കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണായകമായത്. ശരംകുത്തിയിലെത്തി മോഷണം നടത്തിയശേഷം രണ്ടുപേർ കേബിളുകൾ ചാക്കുകളിലാക്കി പലതവണയായി ചുമന്നുകൊണ്ട് താഴെയെത്തിക്കുന്ന ദൃശ്യങ്ങളും പോലീസ് കണ്ടെത്തി. കാറിലാണ് മോഷ്ടിച്ച സാധനങ്ങൾ പ്രതികൾ കടത്തിയത്. കാർ പോലീസ് പിടിച്ചെടുത്തു. സംഭവസ്ഥലത്ത് അന്നുതന്നെ വിരലടയാള വിദഗ്ദ്ധരും ഫോട്ടോഗ്രാഫിക് യൂണിറ്റും ശാസ്ത്രീയഅന്വേഷണസംഘവും എത്തി പരിശോധന നടത്തിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തു.
മോഷ്ടിച്ച സാധനങ്ങൾ കണ്ടെത്തുന്നതിനായി പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇടുക്കിയിലേക്ക് പോയിട്ടുണ്ട്. കുറ്റം സമ്മതിച്ചതിനെ തുടർന്ന് ഇന്നുച്ചയ്ക്ക് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡി വൈ എസ് പി മാരായ ആർ ബിനു, രാജപ്പൻ റാവുത്തർ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ഡോ ആർ ജോസ്, വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ രാജഗോപാൽ, സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജോബിൻ ജോർജ്ജ്, റാന്നി എസ് ഐ അനീഷ്, ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘം, പമ്പ പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ വിമൽ രഘുനാഥ്, സുഭാഷ്, സജി, സി പി ഓ മാരായ സുധീഷ്, അനു എസ് രവി, ജസ്റ്റിൻ തുടങ്ങിയവരും സംഘത്തിലുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.