തൃശൂർ : കേബിൾ ടിവി കണക്ഷനെടുത്ത് പ്രോഗ്രാം ലഭിക്കാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ എടത്തിരുഞ്ഞിയിലുള്ള പ്രദീപ് വി.പി ഫയൽ ചെയ്ത ഹർജിയിലാണ് ഒഡേസ്സ എൻ്റർടെയ്ൻമെൻ്റ് നെറ്റ് വർക്ക് ഉടമ, കാട്ടൂർ ഡാറ്റാ കമ്മ്യൂണിക്കേഷൻ ഉടമ എന്നിവർക്കെതിരെ വിധിയായത്. പ്രദീപ് കേബിൾ ടിവിയുടെ ചാർജ് കൃത്യമായി അടച്ചു വന്നിരുന്നു. എന്നാൽ പ്രോഗ്രാം ലഭിക്കാത്ത അവസ്ഥ വന്നു ചേരുകയായിരുന്നു. പരാതിപെട്ടിട്ടും പരിഹാരമുണ്ടായില്ല. അവസാനം പരാതിപെടുമ്പോൾ പരിഹസിക്കപെടുന്ന അവസ്ഥയായിരുന്നു.
കേബിൾ ടിവി പ്രോഗ്രാമുകൾ ലഭിക്കാതിരുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തിനും കുടുംബാംഗങ്ങളുടെ വിനോദത്തിനും ഭംഗം വരുത്തി. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. എതിർകക്ഷികളുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയാണെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 10,000/- രൂപയും ചിലവിലേക്ക് 5,000/- രൂപയും ഹർജി തിയ്യതി മുതൽ 4% പലിശയും നൽകുവാനും കണക്ഷൻ പുനസ്ഥാപിച്ചു നൽകുവാനും വിധി പുറപെടുവിക്കുകയായിരുന്നു. ഏതെങ്കിലും കാരണത്താൽ കണക്ഷൻ പുനസ്ഥാപിച്ചു നൽകാൻ സാധിക്കാത്ത സാഹചര്യത്തിൽ കൂടുതലായി 5,000/- രൂപ നഷ്ടം നൽകുവാനും വിധിയിൽ പറയുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ. ഏ.ഡി. ബെന്നി ഹാജരായി വാദം നടത്തി.