പത്തനംതിട്ട : കുടുംബശ്രീ ജില്ലാമിഷന്റെയും നബാർഡിന്റെയും നേതൃത്വത്തിൽ തിരുവല്ല നഗരസഭാ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച കഫേ കുടുംബശ്രീ ഭക്ഷ്യമേള ‘വടക്കിനി ‘ തിരുവല്ല എം എൽ എ അഡ്വ. മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്തു. തിരുവല്ല നഗരസഭ ചെയർപേഴ്സൺ അനു ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജിജി മാത്യു വിപണനമേള ഉദ്ഘാടനവും ആദ്യ വില്പനയും നടത്തി. കലർപ്പില്ലാത്ത പുത്തൻ വിഭവങ്ങൾ പരിചയപ്പെടാനും രുചിച്ചറിയാനും ആദ്യദിനം തന്നെ നൂറുകണക്കിന് ആളുകളാണ് ഭക്ഷ്യ മേളയ്ക്ക് എത്തിയത്. മായംകലരാത്ത ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രചാരം വർധിപ്പിക്കുന്നതിനായി കുടുംബശ്രീ ജില്ലാമിഷൻ്റെയും ന തിരുവല്ല നഗരസഭ പുളിക്കീഴ്, മല്ലപ്പള്ളി ബ്ലോക്കുകളിൽ ഉൾപ്പെട്ട സി ഡി എസുകൾ എന്നിവർ സംയുക്തമായാണ് നബാർഡിന്റെ സഹായത്തോടെ ഭക്ഷ്യമേളയും ഉത്പന്നവിപണന മേളയും സംഘടിപ്പിച്ചിരിക്കുന്നത്. ചെങ്ങന്നൂർ സരസ്മേളയിൽ താരങ്ങളായ വനസുന്ദരി ചിക്കൻ മുതൽ തലപ്പാക്കട്ടി ദം ബിരിയാണി, വിവിധ തരം പായസങ്ങൾ, തുടങ്ങി 50ൽ പരം ഭക്ഷണങ്ങൾ ലൈവായി തയാറാക്കുന്നു.
ഈ മാസം മാർച്ച് 5 മുതൽ 9 വരെ സംഘടിപ്പിക്കുന്ന ഭക്ഷ്യ മേളയിൽ പരിചയ സമ്പത്തുള്ള മികച്ച സംരംഭകരുടെ ഭക്ഷ്യവിപണന സ്റ്റാളുകൾക്ക് പുറമേ കുടുംബശ്രീ ഉൾപ്പന്ന വിപണന സ്റ്റാളുകളും സജ്ജമാണ്. പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കാസർഗോഡ് ജില്ലകൾക്ക് പുറമേ തമിഴ്നാട്ടിൽ നിന്നുള്ള സംരംഭകരും മേളയിൽ പങ്കുചേരുന്നു. ലൈവ് ഭക്ഷ്യ സ്റ്റാളുകളാണ് മുഖ്യ ആകർഷണം. 13 ലൈവ് ഭക്ഷണം സ്റ്റാളുകളും 17 വിപണന സ്റ്റാളുകളുമാണ് ഒരുക്കിയിരിക്കുന്നത്. ഭക്ഷ്യ മേളയോട് അനുബന്ധിച്ച് തിരുവല്ല വൈ. എം. സി. എ ജംഗ്ഷനിൽ നിന്നാരംഭിച്ച വിളംബര ഘോഷയാത്രയിൽ തിരുവല്ല നഗരസഭ, മല്ലപ്പള്ളി, പുളിക്കീഴ് എന്നീ ബ്ലോക്കുകളിലെ 14 സി ഡി എസുകളിൽ നിന്നുമായി 600ൽ ൽ പരം കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു.
രാവിലെ 11 മുതൽ രാത്രി 11 വരെ സംഘടിപ്പിച്ചിരിക്കുന്ന ഭക്ഷ്യ മേളയിൽ സമ്മേളനം സെമിനാർ, ആദരിക്കൽ, കലാസന്ധ്യാ, കുക്കറി ഷോ, മ്യൂസിക്കൽ ഫ്യൂഷൻ ഷോകൾ എന്നിവ നടത്തപ്പെടും. ചടങ്ങിൽ സംസ്ഥാന ബഡ്‌സ് ഒളിമ്പ്യ ജൂനിയർ, സബ് ജൂനിയർ ഓവറോൾ ചാമ്പ്യൻസ്, ഏറ്റവും കൂടുതൽ ലങ്കേജ് വായ്പ നൽകിയ എസ് ബി ഐ, ഇന്ത്യൻ ബാങ്ക്, എന്നിവരെ ആദരിച്ചു. പത്തനംതിട്ട നഗരസഭ ചെയർമാൻ അനു ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ആദില എസ് സ്വാഗതം പറഞ്ഞു. പുളുക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു സി. കെ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ്, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് ജോൺ പുതുപ്പള്ളിൽ, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന കുമാരി റ്റി, കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, തിരുവല്ല നഗര സഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ശോഭ വിനു, തിരുവല്ല മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ മാത്യു ചാലക്കുഴി എന്നിവർ ആശംസ അറിയിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ബിന്ദു രേഖ കെ നന്ദി പറഞ്ഞു.