കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ എൻ.എസ്.എസ് വിഭാഗം ഭക്ഷ്യസുരക്ഷക്കായി പുതിയ പദ്ധതി ആവിഷ്ക്കരിച്ചു. അപൂർവ്വ നെൽ വിത്തുകൾ ഉൾപ്പെടെയുള്ള 270 ഇനം വിത്തുകൾ ശേഖരിച്ച് കൃഷി ആരംഭിച്ചു. 250 കോളജുകളിലായാണ് കൃഷി നടക്കുക.’നാളേക്ക് ഒരു കതിർ’ എന്ന പേരിലാണ് കാലിക്കറ്റ് സർവകലാശാലയിലെ എൻ.എസ്.എസ് വിഭാഗം കാർഷിക പദ്ധതിക്ക് തുടക്കം കുറിച്ചത്. അന്യം നിന്ന് പോകുന്ന വിത്തുകൾ കണ്ടെത്തി സംരക്ഷിക്കുകയാണ് ലക്ഷ്യം. കോളജുകളിലെ എൻ.എസ്.എസ് യൂനിറ്റുകൾക്ക് വിത്തുകൾ കൈമാറും.
കൃഷി ചെയ്ത ശേഷം ലഭിക്കുന്ന വിളവിൽനിന്ന് വിത്തുകൾ ശേഖരിച്ച് കർഷകർക്ക് കൈമാറും. വിത്ത് സുരക്ഷയിലൂടെ ഭക്ഷ്യസുരക്ഷ എന്നതാണ് നാഷണൽ സർവീസ് സ്കീം മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം28 ദിവസം കൊണ്ട് അന്നൂരി, ചീരനെല്ല്, മുണ്ടകൻ കുത്തി, ചിറ്റേനി തുടങ്ങി 270 ഇനം നെൽവിത്തുകളാണ് എൻ.എസ്.എസ് വിഭാഗം ശേഖരിച്ച് കോളജുകൾക്ക് കൈമാറിയത്. വയൽ, കര, ഗ്രേബാഗ് എന്നിവിടങ്ങളിൽ കൃഷി ചെയ്യാം. കർഷകരിൽനിന്നും നാഷനൽ ജീൻ ബാങ്കിൽനിന്നുമാണ് അപൂർവയിനം നെൽവിത്തുകൾ ശേഖരിച്ചത്.