ന്യൂഡൽഹി : പുരുഷ ഹോർമോണുകളായ ടെസ്റ്റോസ്റ്റെറോണുകളുടെ തോത് കുറവുള്ള പുരുഷന്മാരിൽ കോവിഡ് തീവ്രമാകാമെന്ന് പഠനം. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ കോവിഡ് തീവ്രമാകുന്നത് ഉയർന്ന ടെസ്റ്റോസ്റ്റെറോൺ തോത് മൂലമാണെന്ന മുൻ നിഗമനങ്ങളെ തിരുത്തുന്നതാണ് പഠനം.
കോവിഡ് ലക്ഷണങ്ങളുമായി സെയിന്റ് ലൂയിസിലെ ബാർണെസ് ജൂത ആശുപത്രി സന്ദർശിച്ച 90 പുരുഷന്മാരുടെയും 62 സ്ത്രീകളുടെയും രക്തസാമ്പിളുകൾ ഈ പഠനത്തിന്റെ ഭാഗമായി ഗവേഷകർ ശേഖരിച്ചു. ഇവർക്കെല്ലാം പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 143 പേരെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കേണ്ടി വന്നു. ആശുപത്രിയിൽ തുടർന്നവരുടെ രക്തസാമ്പിളുകൾ 3, 7, 14, 28 ദിവസങ്ങൾക്ക് ശേഷം വീണ്ടും ശേഖരിച്ചു. രോഗികളുടെ ശരീരത്തിലെ ടെസ്റ്റോസ്റ്റെറോൺ, ഈസ്ട്രജന്റെ മറ്റൊരു രൂപമായ ഇസ്ട്രാഡിയോൾ, ഗ്രോത്ത് ഫാക്ടർ -1(IGF-1) ഹോർമോണുകളുടെ തോതും അളന്നു.
സ്ത്രീകളിൽ കോവിഡ് തീവ്രതയും ഈ ഹോർമോണുകളുടെ തോതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് പഠനത്തിൽ കണ്ടെത്തി. പുരുഷന്മാരിൽ ഇസ്ട്രാഡിയോൾ, IGF-1 തോതും കോവിഡ് തീവ്രതയുമായി ബന്ധം കണ്ടെത്താനായില്ല. എന്നാൽ ഇവരിൽ ടെസ്റ്റോസ്റ്റെറോൺ തോതും കോവിഡ് തീവ്രതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകർ പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന സമയത്ത് തീവ്രമായ കോവിഡ് ബാധയുള്ള പുരുഷന്മാരിൽ ഒരു ഡെസിലിറ്ററിൽ 52 നാനോഗ്രാം എന്ന നിലയിലായിരുന്നു ശരാശരി ടെസ്റ്റോസ്റ്റെറോൺ തോത്. അതേസമയം അത്ര തീവ്രമല്ലാത്ത കോവിഡ് ബാധിതരിൽ ടെസ്റ്റോസ്റ്റെറോൺ തോത് ഡെസിലിറ്ററിൽ 151 നാനോഗ്രാമായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന്റെ മൂന്നാം നാൾ തീവ്ര കോവിഡ് ബാധിതരായ പുരുഷന്മാരിൽ ശരാശരി ടെസ്റ്റോസ്റ്റെറോൺ തോത് 19 നാനോഗ്രാം കുറഞ്ഞു. പഠനത്തിനിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 37 പേർ മരിച്ചു. ഇതിൽ 25 പേർ പുരുഷന്മാരായിരുന്നു.
ടെസ്റ്റോസ്റ്റെറോൺ തോത് കുറഞ്ഞ പുരുഷന്മാരിൽ ഉയർന്ന തോതിലുള്ള നീർക്കെട്ടും പഠനത്തിൽ കണ്ടെത്തി. പ്രാരംഭത്തിൽ കാര്യമായ രോഗം ഇല്ലാതിരുന്ന കോവിഡ് ബാധിതരായ പുരുഷന്മാരിൽ ടെസ്റ്റോസ്റ്റെറോൺ തോത് കുറഞ്ഞവർക്ക് പിന്നീട് കോവിഡ് തീവ്രമായി ഐസിയു പരിചരണവും വെന്റിലേറ്ററും ആവശ്യമായി വന്നതായും ഗവേഷണ സംഘം നിരീക്ഷിച്ചു. വരും ദിവസങ്ങളിൽ ആർക്കാകും കോവിഡ് തീവ്രമാകുന്നതെന്ന പ്രവചനം പുരുഷന്മാരിൽ നടത്താൻ ടെസ്റ്റോസ്റ്റെറോൺ തോത് സഹായിക്കുമെന്ന് ഗവേഷകർ കരുതുന്നു.
എന്നാൽ ടെസ്റ്റോസ്റ്റെറോൺ തോത് കുറഞ്ഞവരിൽ കോവിഡ് തീവ്രമാകുന്നതാണോ അതോ കോവിഡ് തീവ്രമാകുന്ന മുറയ്ക്ക് ടെസ്റ്റോസ്റ്റെറോൺ തോത് കുറയുന്നതാണോ എന്ന കാര്യത്തിൽ ഗവേഷകർക്ക് വ്യക്തതയില്ല. കാരണം പഠനത്തിനായി നിരീക്ഷിച്ച രോഗികൾ ആശുപത്രി സന്ദർശിക്കുന്നതിനു മുൻപ് അവരുടെ ടെസ്റ്റോസ്റ്റെറോൺ തോത് അളന്നിട്ടില്ല. കോവിഡ് സംശയത്തെ തുടർന്ന് ആശുപത്രിയിൽ ആദ്യ സന്ദർശനം നടത്തും മുമ്പുതന്നെ ടെസ്റ്റോസ്റ്റെറോൺ തോത് അവരിൽ താഴേക്ക് പോയതാകാനും മതിയെന്ന് ഡോക്ടർമാർ പറഞ്ഞു.