കലഞ്ഞൂർ : കല്ലട ജലസേചനപദ്ധതിയുടെ കനാൽപ്പാലങ്ങൾ ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ. കലഞ്ഞൂർ പഞ്ചായത്തിലൂടെ പോകുന്ന കനാലിലെ ആറ് പാലങ്ങളും തകർച്ചയിലാണ്. പാലം നിർമാണത്തിനുശേഷം ഇതുവരെ യാതൊരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. ഗ്രാമപ്പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള യാത്രാമാർഗവും ഈ കനാൽപ്പാലങ്ങൾതന്നെയാണ്. കനാൽപ്പാലങ്ങളിൽ പലതിനും കൈവരികളില്ല. പാലത്തിന്റെ അടിത്തട്ടിലെ കോൺക്രീറ്റ് ബിമുകളിൽനിന്ന് കോൺക്രീറ്റ് പാളികളായി ഇളകി അടിയിലെ ഇരുമ്പുകമ്പി പുറത്തേക്കിറങ്ങിയ നിലയിലാണ്.
കലഞ്ഞൂർ വാഴപ്പാറ, ചെറിയകോൺ, കുടപ്പാറ, കൊന്നേലയ്യം, പാലമല, കാരുവയൽ എന്നിവിടങ്ങളിലെ കനാൽപ്പാലങ്ങളാണ് അപകടാവസ്ഥയിലുള്ളത്. കലഞ്ഞൂർ ജംഗ്ഷന് അരികിലായുള്ള കുടപ്പാറ കനാൽപ്പാലമാണ് വലിയ അപകടാവസ്ഥയിലുള്ളത്. ഇതിന്റെ രണ്ട് അരികിലെയും കൈവരികൾ എല്ലാം ഇളകിപ്പോയി. ഇതിനരികിലൂടെയാണ് കുടപ്പാറ മലയിലേക്ക് ആരാധനയ്ക്ക് ആളുകൾ പോകുന്നത്. ഇരുപത്തിയഞ്ച് അടിയോളം താഴ്ചയിലാണ് ഇവിടെ കനാൽ സ്ഥിതിചെയ്യുന്നത്. സമീപത്ത് വീടുകളും ഉണ്ട്. കൈവരികൾ ഇളകിമാറിയ സ്ഥലത്ത് അപകടാവസ്ഥ ഒഴിവാക്കാനുള്ള നടപടികളും ചെയ്തിട്ടില്ല.