കോട്ടയം: ജില്ലാ ആശുപത്രികളില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ കാന്‍സര്‍ ചികിത്സാകേന്ദ്രങ്ങള്‍ വരുന്നു. ആദ്യഘട്ടം 300 ആശുപത്രികളെയാണ് തിരഞ്ഞെടുത്തത്. ഇവയെ ദേശീയ കാന്‍സര്‍ ഗവേഷണ, ചികിത്സാ ശൃംഖലയിലെ 270 കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും. കേരളത്തില്‍ ഏതെല്ലാം ആശുപത്രികളെ തിരഞ്ഞെടുത്തു എന്നത് വ്യക്തമാക്കിയിട്ടില്ല. ടെലിമെഡിസിന്‍ സൗകര്യങ്ങള്‍ വഴി ജില്ലാ ആശുപത്രിയിലെ രോഗികളെ ഗവേഷണകേന്ദ്രങ്ങളിലെ വിദഗ്ധര്‍ക്ക് പരിശോധിക്കാം. തിരഞ്ഞെടുത്ത ജില്ലാആശുപത്രികളില്‍ റോബോട്ടിക് ശസ്ത്രക്രിയാ സൗകര്യവും സജ്ജമാക്കും. ആദ്യഘട്ടം 5000 ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പരിശീലനം നല്‍കും.
ആയുഷ്മാന്‍ ഭാരതിന് കീഴിലുള്ള അടിസ്ഥാന ആരോഗ്യ സൗകര്യവികസന പദ്ധതിയില്‍ കാന്‍സറിനും ജീവിതശൈലീ രോഗങ്ങള്‍ക്കുമെതിരായ ദേശീയ പരിപാടിയുടെ ഭാഗമാണിത്.ഇന്ത്യയില്‍ പ്രതിവര്‍ഷം 1.4 ദശലക്ഷം പുതിയ കാന്‍സര്‍ കേസുകളാണ് കണ്ടെത്തുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രോഗികളില്‍ 12 ശതമാനം വര്‍ധന ആരോഗ്യവിഭാഗം പ്രതീക്ഷിക്കുന്നു. രാജ്യത്തെ 70 ശതമാനം കാന്‍സര്‍ ചികിത്സാകേന്ദ്രങ്ങളും നഗരങ്ങളിലാണ്. ഇവിടേക്ക് വിദഗ്ധ ചികിത്സയ്ക്ക് ഗ്രാമീണരോഗികള്‍ എത്താന്‍ വൈകുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു. ജില്ലാ ആശുപത്രികളില്‍ രോഗനിര്‍ണയം, വിദഗ്ധചികിത്സ എന്നിവ ഉറപ്പാക്കിയാല്‍ വ്യാപനം ചെറുക്കാം എന്നാണ് പ്രതീക്ഷ. സാമ്പത്തികസ്ഥിതിയുടെ അടിസ്ഥാനത്തില്‍ സൗജന്യങ്ങളും ചികിത്സയ്ക്കുണ്ടാകും.