പത്തനംതിട്ട : കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുടെ ഉപയോഗം, അനധികൃത വില്പന, കൈമാറ്റം, കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ ജില്ലയിൽ കഴിഞ്ഞ രണ്ടാഴ്‌ച്ചയായി തുടർന്നുവന്ന സ്പെഷ്യൽ ഡ്രൈവിൽ അറസ്റ്റിലായത് 119 പേരെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസ്. ജില്ലാ ആന്റി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്), സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് തുടങ്ങിയവയുടെ ആഭിമുഖ്യത്തിലാണ് പോലീസ് നടപടി നടന്നത്. ആകെ 116 കേസുകളിലായാണ് 119 പ്രതികൾ അറസ്റ്റിലായത്.
ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരായ പരിശോധനകളും പോലീസ് നടപടിയും തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പിയും ഡാൻസാഫ് ജില്ലാ നോഡൽ ഓഫീസറുമായ അർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലും സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനും ഇത്തരം കേസുകളിൽ ഉൾപ്പെടുന്നവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള പ്രത്യേക ആക്ഷൻ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലും ജില്ലയിൽ പോലീസ് നിരീക്ഷണവും റെയ്ഡ് ഉൾപ്പെടെയുള്ള പരിശോധനകളും തുടരുന്നുണ്ട്.
കഞ്ചാവ്, മറ്റ് മയക്കുമരുന്നുകൾ, കൂടാതെ മദ്യം, പാൻമസാല തുടങ്ങിയ ഉത്പന്നങ്ങൾ എന്നിവയുടെ അനധികൃത നിർമ്മാണവും വില്പനയും കടത്തും തടയുന്നതിനുള്ള നിയമനടപടികളും തുടരുകയാണ്. മുൻകാലങ്ങളിൽ സമാന കുറ്റങ്ങൾ ചെയ്തവരെ കർശനമായി നിരീക്ഷിച്ചുവരുന്നു. ഇക്കാര്യങ്ങളിൽ ശക്തമായ പോലീസ് നടപടികൾ തുടരുന്നതിന് എല്ലാ പോലീസുദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി ആവർത്തിച്ചു.