പാലക്കാട്: ആര്‍.പി.എഫും എക്‌സൈസ് ആന്‍റി നര്‍കോട്ടിക് പ്രത്യേക സ്ക്വഡും ചേര്‍ന്ന് പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ 4.2 കിലോ കഞ്ചാവുമായി തച്ചമ്ബാറ വാഴേമ്ബുറം സ്വദേശി ഷാനവാസിനെ (40) അറസ്റ്റ് ചെയ്തു.
തച്ചമ്പാറ , കാരാകുറുശ്ശി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പനക്കെത്തിച്ചതാണ് കഞ്ചാവെന്ന് പ്രതി മൊഴി നല്‍കിയതായി അധികൃതര്‍ പറഞ്ഞു. പ്രദേശത്ത് സ്കൂള്‍ പരിസരങ്ങളില്‍ കഞ്ചാവ് വില്‍പന വ്യാപകമാണെന്ന് പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. ഷോള്‍ഡര്‍ ബാഗില്‍ തുണികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
ആന്ധ്രപ്രദേശിലെ പല്ലാസയില്‍നിന്ന് കഞ്ചാവ് വാങ്ങി ട്രെയിന്‍ മാര്‍ഗമാണ് പാലക്കാട് എത്തിച്ചത്. റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ സൂരജ് എസ്. കുമാര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. അജിത്, ആര്‍.പി.എഫ് എസ്.ഐ രമേഷ് കുമാര്‍, എ.എസ്.ഐ സജി അഗസ്റ്റിന്‍, പ്രിവന്‍റിവ് ഓഫിസര്‍ ടി.ജെ. അരുണ്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.