മാറനല്ലൂര്‍ : കണ്ടലയിലെ കഞ്ചാവ് മാഫിയയെ ക്കുറിച്ച് അന്വേഷിക്കാനെത്തിയ പോലീസ് ജീപ്പിന് നേരെ ഒരുസംഘം കുപ്പിയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സി.ഐ.ടി.യു. പ്രവര്‍ത്തകരും പ്രദേശത്തെ കഞ്ചാവ് മാഫിയയും തമ്മില്‍ ശനിയാഴ്ച രാവിലെ നടന്ന പ്രശ്‌നങ്ങളെക്കുറിച്ച് സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ മാറനല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് രാത്രി 10.30 ഓടെ മൈതാനത്ത് അന്വേഷിക്കാനെത്തിയപ്പോഴാണ് സംഭവം നടന്നത്.
പ്രദേശത്ത് ബൈക്ക് അഭ്യാസവും കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സി.ഐ.ടി.യു. പ്രവര്‍ത്തകരും പ്രദേശത്തെ ചില യുവാക്കളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇവര്‍ സി.ഐ.ടി.യു. പ്രവര്‍ത്തകരെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പ്രവര്‍ത്തകര്‍ മാറനല്ലൂര്‍ പോലീസിന് പരാതി നല്‍കിയത്. രാത്രികാലങ്ങളിലാണ് ഇത്തരം പ്രവര്‍ത്തികള്‍ നടക്കുന്നതെന്ന് പരാതിയില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പോലീസ് നിരീക്ഷിക്കാനെത്തിയത്. എന്നാല്‍ പോലീസില്‍ പരാതി നല്‍കിയ വിവരം കഞ്ചാവ് ലോബികള്‍ അറിയുകയും ഇവര്‍ മൈതാനത്ത് സംഘടിക്കുകയും ചെയ്തു.
ജീപ്പ് മൈതാനത്തിലേയ്ക്ക് കടക്കവേ കുപ്പിയെറിഞ്ഞ് ജീപ്പിന്റെ ചില്ല് തകര്‍ത്തു. മാരകായുധങ്ങളും കമ്പിവടികളുമായി യുവാക്കള്‍ നിലയുറപ്പിച്ചത് കാരണം മറ്റ് സ്റ്റേഷനുകളിലേക്ക് വിവരമറിയിക്കുകയും കാട്ടാക്കട ഡിവൈ.എസ്.പി.യുടെ കീഴിലുള്ള എല്ലാ സ്റ്റേഷനുകളില്‍ നിന്നും മിനിട്ടുകള്‍ക്കകം കൂടുതല്‍ പോലീസ് എത്തിയതോടെയാണ് യുവാക്കള്‍ ഓടി മറഞ്ഞത്.