കൊട്ടാരക്കര: സ്ഥിരമായി കഞ്ചാവു വിൽപന നടത്തി വരുന്നയാളും സഹായിയായ പങ്കാളിയും അറസ്റ്റിൽ. മൈലം പള്ളിക്കൽ പെരുംകുളം കളീലുവിള ജംഗ്ഷനിൽ വിശാഖം വീട്ടിൽ മണിക്കുട്ടൻ എന്ന് വിളിക്കുന്ന ബിജുകുമാർ (48), തലവൂർ കുര സുഭാഷ് ഭവനിൽ സുഭാഷ് (കുര സുഭാഷ് -40) എന്നിവരാണ് അറസ്റ്റിലായത്. നിരവധി മോഷണ കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതിയായി കോടതി ഇവരെ ശിക്ഷിച്ചിട്ടുള്ളതാണ്. കൊല്ലം റൂറൽ ജില്ലയിലെ യോദ്ധാവ് ആന്റി ഡ്രഗ് കാമ്പയിന്റെ ഭാഗമായി അഡിഷണൽ എസ്പി ജെ സന്തോഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊല്ലം സി-ബ്രാഞ്ച് ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും കൊട്ടാരക്കര പൊലീസും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നവംബറിൽ ബിജുകുമാറിനെ ഏഴു കിലോ കഞ്ചാവുമായി കൊല്ലം റൂറൽ ജില്ലാ ഡാൻസാഫ് ടീം പിടികൂടിയിരുന്നു. പാലക്കാട് വാളയാർ ചെക്ക് പോസ്റ്റിൽ വച്ച് കഞ്ചാവ് പിടികൂടിയതിനു സുഭാഷ് കഴിഞ്ഞ രണ്ടു വർഷക്കാലമായി പാലക്കാട് ജില്ലാ ജയിലിലും തിരുവനന്തപുരം സെൻട്രൽ ജയിലിലുമായി ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് വീണ്ടും അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.