കോട്ടയം : കഞ്ചാവ് കടത്തിനിടയില്‍ കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പരിക്കുപറ്റിയവര്‍ റബ്ബര്‍തോട്ടം വഴി ഓടി രക്ഷപെട്ടു. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അതിരമ്പുഴയില്‍ ആണ് സംഭവം. കഴിഞ്ഞ രാത്രി ഒന്‍പത് മണിയോടടുത്താണ് കാര്‍ അപകടത്തില്‍പ്പെട്ടത്. നീണ്ടുരില്‍ നിന്നും ഏറ്റുമാനൂരിലേക്ക് അമിത വേഗതയില്‍ വന്ന കാര്‍ സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
സംഭവം നടന്ന ഉടന്‍ തന്നെ കാറിലുണ്ടായിരുന്ന നാല് യാത്രക്കാരും ഓടിരക്ഷപെട്ടു. അപകടം കണ്ടതോടെ ഓടിയെത്തിയ നാട്ടുകാരാണ് നാലുപേര്‍ സമീപത്തെ റബര്‍ തോട്ടത്തിലൂടെ ഓടി രക്ഷപെടുന്നത് കണ്ടത്. തുടര്‍ന്ന് കാറിന് സമീപം എത്തിയപ്പോള്‍ ഒരാള്‍ കാറിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ ആകാതെ കുടുങ്ങിക്കിടക്കുന്നത് കണ്ടു. യാത്രക്കാര്‍ ഓടിരക്ഷപെട്ടതുകൊണ്ടുതന്നെ കാറിലുണ്ടായിരുന്ന ആളെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐ പ്രേംകുമാര്‍ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കാറില്‍ പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് ഉണ്ടെന്ന് കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ പോലീസ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏറ്റുമാനൂര്‍ നീണ്ടുര്‍ റോഡില്‍ കോട്ടമുറി ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്. കാറിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. സമീപത്ത് വേഗത കുറയ്ക്കാനായി ഉള്ള ഉപകരണങ്ങള്‍ പോലീസ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് വണ്ടി ഓടിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ കോട്ടയം ഡിവൈഎസ്പി എം അനില്‍ കുമാര്‍ നിര്‍ദ്ദേശം നല്‍കി.
മേഖലയില്‍ കഞ്ചാവ് ഉപയോഗം വ്യാപകമായിരുന്നു. അതിരമ്പുഴ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ ഇതിനു പിന്നില്‍ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് കോട്ടയം ഡിവൈഎസ്പി വ്യക്തമാക്കി. നേരത്തെ വന്‍തോതില്‍ കഞ്ചാവ് ഏറ്റുമാനൂരിലേക്ക് കൊണ്ടുവരുന്നവരെ പിടികൂടിയിരുന്നു. ഒരു വര്‍ഷം മുമ്പാണ് പുസ്തക ലോറിയില്‍ കൊണ്ടുവന്ന കഞ്ചാവ് പോലീസ് പിടികൂടിയത്.
കുപ്രസിദ്ധ ഗുണ്ടാ നേതാവ് അലോട്ടി ഉള്‍പ്പെടെയുള്ളവരെ പോലീസ് പിടികൂടിയിരുന്നു. കഞ്ചാവിന്റെ മറവില്‍ മാഫിയാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലും ഈ മേഖലയില്‍ ഉണ്ടായിരുന്നു. ഇവരുമായി കാറില്‍ യാത്ര ചെയ്തവര്‍ക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കാനാണ് പോലീസ് തീരുമാനം. കഴിഞ്ഞ ജനുവരിയില്‍ പോലീസ് പട്രോളിംഗ് സംഘത്തെ കഞ്ചാവ് മാഫിയ അതിരമ്പുഴയില്‍ വെച്ച് ആക്രമിച്ചിരുന്നു.
ഫെബ്രുവരിയില്‍ ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ മറ്റൊരു മാഫിയ സംഘത്തെ പിടികൂടിയിരുന്നു. ചിക്കന്‍ഫ്രൈ ലഭിക്കാത്തതിനാല്‍ കത്തിയെടുത്ത് ഹോട്ടല്‍ ജീവനക്കാരനെ വെട്ടുകയായിരുന്നു. കഴിഞ്ഞദിവസം ഗുണ്ടാ നേതാവായ അച്ചു സന്തോഷ് പോലീസ് ഉദ്യോഗസ്ഥരെ മറ്റൊരു പരിശോധനയ്ക്കിടയില്‍ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. മേഖലയില്‍ വ്യാപകമായ പരിശോധന നടത്താനാണ് പോലീസ് തീരുമാനം. കാറിലുണ്ടായിരുന്നവരെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇവരെ പിടികൂടിയ ശേഷം മാഫിയാസംഘങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസ് നീക്കം.