പെരിന്തല്‍മണ്ണ : മൂന്നര കിലോഗ്രാം കഞ്ചാവുമായി വടകര സ്വദേശി പോലീസ് പിടിയില്‍. വടകര അഴിയൂര്‍ സ്വദേശി ശരത്തിനെയാണ് (41) മാനത്തുമംഗലം ബൈപാസില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രയില്‍നിന്ന് ചെറിയ ട്രോളി ബാഗിലാക്കി സംസ്ഥാനത്ത് എത്തിച്ചത് ആവശ്യക്കാര്‍ക്ക് വില്പനക്ക് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ ശരത്ത്. സംഘത്തിലെ താമരശ്ശേരി ഭാഗത്തെ മറ്റുള്ളവരെകുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.
ജനുവരിയില്‍ ആന്ധ്രയില്‍നിന്ന് വരുന്ന വഴി 12 കിലോഗ്രാം കഞ്ചാവുമായി ഇയാളെ താമരശ്ശേരി എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ആ കേസില്‍ നാലുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. കൂടാതെ കോഴിക്കോട് ജില്ലയില്‍ തട്ടിപ്പ് കേസുകളിലും ഇയാള്‍ പ്രതിയാണ്. ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെട്ടതിനാല്‍ പ്രതിയുടെ ജാമ്യം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.സന്തോഷ് കുമാര്‍ പറഞ്ഞു.