ബ്രസീലിയ: ഇസ്രായേല്‍ ഗസ്സയില്‍ തുടരുന്ന ആക്രമണങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി ബ്രസീല്‍. പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളെ അട്ടിമറിക്കുകയാണ് ഇസ്രായേല്‍ ഭരണകൂടമെന്ന് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ ആരോപിച്ചു. ഗസ്സയില്‍ അന്ത്യമില്ലാതെ തുടരുന്ന കൂട്ടക്കുരുതിക്കുമുന്നില്‍ ജനാധിപത്യ ലോകത്തെ നേതാക്കള്‍ക്കു നിശബ്ദരായി നില്‍ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസില്‍ അഭയാര്‍ഥി താവളത്തിനുനേരെ നടന്ന ഇസ്രായേല്‍ ആക്രമണത്തെ വാര്‍ത്താകുറിപ്പ് പുറത്തിറക്കിയാണ് ബ്രസീല്‍ അപലപിച്ചത്. ഒക്ടോബര്‍ ഏഴിനുശേഷം ഗസ്സയില്‍ ഇസ്രായേല്‍ ആരംഭിച്ച ആക്രമണങ്ങളെ തുടക്കംതൊട്ടേ ബ്രസീല്‍ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ഗസ്സ മുനമ്പിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാകണമെന്ന് ലുല ആവശ്യപ്പെട്ടു.
‘പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാക്കാനുള്ള സമാധാനശ്രമങ്ങളെ അട്ടിമറിക്കുന്നത് തുടരുകയാണ് ഇസ്രായേല്‍ ഭരണകൂടം. ഏറ്റവുമൊടുവില്‍ നൂറുകണക്കിനു നിരപരാധികളെ കൊന്നൊടുക്കി ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ ബോംബുവര്‍ഷം അംഗീകരിക്കാനാകാത്തതാണ്. കുട്ടികളും വയോധികരും സ്ത്രീകളുമെല്ലാം താമസിച്ചിരുന്ന ടെന്റുകള്‍ക്കുനേരെ നടന്ന ആക്രമണത്തില്‍ 90ലേറെ പേര്‍ കൊല്ലപ്പെടുകയും 300ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.’-ലുല ഡ സില്‍വ വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഫലസ്തീനി ജനതയെ അവരിങ്ങനെ കൂട്ടത്തോടെ ശിക്ഷിക്കുന്നത് ഭീകരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം ആരംഭിച്ച നിരന്തര ആക്രമണങ്ങളില്‍ ആയിരക്കണക്കിനു മരണങ്ങളാണു സംഭവിച്ചത്. ഇതില്‍ പലരും സുരക്ഷിത മേഖലകളിലായിരുന്നു. ഈ അന്ത്യമില്ലാത്ത കൂട്ടക്കുരുതിക്കു മുന്നില്‍ ജനാധിപത്യ ലോകത്തെ നേതാക്കളായ ഞങ്ങള്‍ക്ക് നിശബ്ദരായി നില്‍ക്കാനാകില്ലെന്നും ബ്രസീല്‍ പ്രസിഡന്റ് വ്യക്തമാക്കി.