ചേര്‍ത്തല : കാപികോ റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ തുടങ്ങി. റിസോര്‍ട്ട് പൊളിക്കാനുള്ള ആക്ഷന്‍ പ്ലാന്‍ തയാറാക്കാന്‍ ഉദ്യോഗസ്ഥസംഘം റിസോര്‍ട്ടില്‍ സന്ദര്‍ശനം നടത്തി. ആലപ്പുഴ സബ് കലക്ടര്‍, ചേര്‍ത്തല തഹസില്‍ദാര്‍, പാണാവള്ളി വില്ലേജ് ഓഫിസര്‍, പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍മാര്‍, പാണാവള്ളി ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവരടങ്ങുന്ന സംഘമാണ് റിസോര്‍ട്ടില്‍ ഒന്നര മണിക്കൂറോളം നിരീക്ഷണം നടത്തിയത്. വിശദ പഠനത്തിന് സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘം തുടര്‍ച്ചയായി ക്യാമ്പ് നടത്തുമെന്ന് ഉദ്യോഗസ്ഥസംഘം പറഞ്ഞു.
പാണാവള്ളിയില്‍ വേമ്പനാട്ടുകായല്‍ പരപ്പിലാണ് നെടിയതുരുത്തിലെ അനധികൃത സപ്തനക്ഷത്ര റിസോര്‍ട്ട് സമുച്ചയം. പ്രഥമദൃഷ്ട്യാ നടന്ന കായല്‍ കൈയേറ്റത്തിനും തീരപരിപാലന ലംഘനത്തിനുമെതിരെ മത്സ്യത്തൊഴിലാളി മേഖലയിലെ വിവിധ സംഘടനകളാണ് നിയമപോരാട്ടങ്ങള്‍ നടത്തിയത്. വേമ്പനാട്ടുകായല്‍ പരപ്പിലെ ദ്വീപായ നെടിയതുരുത്തിന് 9.5 ഏക്കര്‍ വിസ്തീര്ണമാണുണ്ടായിരുന്നത്. നെല്‍വയലുകളും ചെമ്മീന്‍ വാറ്റുകേന്ദ്രങ്ങളുമാണ് ഇവിടെയുണ്ടായിരുന്നത്. ഏതാനും കുടുംബങ്ങളായിരുന്നു ഇവിടുത്തെ താമസക്കാര്‍. നെടിയതുരുത്തിലെ 9.5 ഏക്കര്‍ ഭൂപ്രദേശം 20 ഏക്കറായി വികസിപ്പിച്ചു. ഏകദേശം 250 കോടി രൂപ ചെലവിട്ട് 59 വില്ലയും അനുബന്ധ കെട്ടിടങ്ങളും മിന്നല്‍ വേഗത്തില്‍ നിര്‍മ്മിച്ചു.
ശക്തമായ നീരൊഴുക്കുള്ള കായലില്‍ ഇറിഗേഷന്‍ വകുപ്പിന്റെ അനുമതി വാങ്ങാതെ ഉണ്ടായിരുന്ന ജെട്ടി നശിപ്പിച്ചു. നീരൊഴുക്ക് തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ഉപജീവനമാര്‍ഗം തടസ്സപ്പെട്ടു. കായലിനടിയിലൂടെ വൈദ്യുതി കേബിള്‍ വലിക്കാനുള്ള ശ്രമം മത്സ്യത്തൊഴിലാളികള്‍ തടഞ്ഞെങ്കിലും പിന്നീട് അവര്‍ അത് സാധ്യമാക്കി. തീരപരിപാലന ലംഘനമാണ് നടന്നതെന്നറിഞ്ഞിട്ടും നിര്‍മ്മാണത്തിന്റെ ഒരുഘട്ടത്തിലും ബന്ധപ്പെട്ട അധികാരികള്‍ ഇടപെട്ടിരുന്നില്ല.
പൊളിക്കുന്ന കോണ്‍ക്രീറ്റ് വേസ്റ്റ് കായലില്‍ വീഴാതെ കരയിലെത്തിച്ച് നീക്കം ചെയ്യണം. പൊളിക്കുന്നതിനുവേണ്ട സാമഗ്രികള്‍ ഏതൊക്കെ വേണമെന്ന് ചിട്ടപ്പെടുത്തണം. കായല്‍ നടുവിലെ വലിയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് വലിയ വെല്ലുവിളിയാകും. പരിസ്ഥിതി ആഘാതം ഇല്ലാതെ പൊളിച്ചുനീക്കല്‍ എങ്ങനെയെന്ന് വിശദപഠനം ആവശ്യമാണ്. ഇതുതന്നെയാണ് സര്‍ക്കാറിനെ കുഴക്കുന്നത്.