കൊച്ചി: തലസ്ഥാന വിവാദത്തില്‍ പ്രതികരണവുമായി ഹൈബി ഈഡന്‍ എംപി. പൊതുജനങ്ങളില്‍ നിന്ന് തനിക്ക് ലഭിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കൊച്ചി തലസ്ഥാന ആവശ്യം ഉന്നയിച്ചതെന്ന് ഹൈബി ഈഡന്‍ വ്യക്തമാക്കി. വികസന വിഷയങ്ങളില്‍ അഭിപ്രായം പറയുന്നവര്‍ ഇക്കാര്യം ആവശ്യപ്പെടാറുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ബില്ലെന്നും ഹൈബി ഈഡന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വിയോജിപ്പ് അറിയിക്കുന്നവരുടെ അഭിപ്രായത്തെ മാനിക്കുന്നു. ആവശ്യത്തെ നിരാകരിക്കാനോ അംഗീകരിക്കാനോ ഇനി അവശേഷിക്കുന്നത് പാര്‍ലമെന്റിന്റെ നടപടികള്‍ പ്രകാരമുള്ള തീരുമാനമാണ്. ഇക്കാര്യം ഏതെങ്കിലും സ്ഥലത്തിനോ അവിടുത്തെ നാട്ടുകാര്‍ക്കോ എതിരല്ല. സ്വന്തം നാടിന്റെ വികസന താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മറ്റൊരു നാടിനെയും അവിടുത്തെ ജനങ്ങളെയും ശത്രുവായി കാണേണ്ടതില്ല. സ്വകാര്യ ബില്ലിന് പാര്‍ട്ടിയുടെ അനുവാദം വാങ്ങണമെന്ന വ്യവസ്ഥ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഉണ്ടായിരുന്നില്ല. രണ്ടു സഭകളിലും അംഗമായി പ്രവര്‍ത്തിച്ചിരുന്ന തനിക്ക് ഇക്കാര്യം ബോധ്യമുള്ളതാണ്. അതിനാലാണ് സംഘടനാപരമായി ഒരു അനുവാദം ചോദിക്കാതെ തന്നെ ഈ ബില്‍ ലോക്‌സഭയില്‍ സമര്‍പ്പിച്ചതെന്ന് ഹൈബി ഈഡന്‍ പറയുന്നു. പുതിയ സാഹചര്യത്തില്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് അനുവാദം വാങ്ങണമെന്ന പാര്‍ട്ടി നിര്‍ദേശം അനുസരിക്കാന്‍ ഒരു മടിയുമില്ലെന്ന് ഹൈബി ഈഡന്‍ പറയുന്നു. തന്റെ നിലപാട് പാര്‍ട്ടിക്കൊപ്പമാണെന്നും ഹൈബി വ്യക്തമാക്കി.