പുല്ലാട് : കോയിപ്രം പഞ്ചായത്തും കുടുംബശ്രീയും ഓണത്തെ വരവേൽക്കാനായി ചെണ്ടുമല്ലിപ്പൂക്കൾ കൃഷിചെയ്തത് കർഷകർക്ക് ബാധ്യതയായി മാറുന്നു. ഓണക്കാലത്ത് മറുനാടൻ പൂക്കളെ ആശ്രയിക്കേണ്ടിവരുന്നത് കണക്കിലെടുത്താണ് കുടുംബശ്രീ പൂക്കൃഷിക്കിറങ്ങിയത്. കോയിപ്രം പഞ്ചായത്തിലെ രണ്ട്, 13, 17 വാർഡുകളിലായി 6000 മൂട് ബന്ദിയാണ് കൃഷിചെയ്തത്. രണ്ടാംവാർഡിൽ അതുല്യ കുടുംബശ്രീയിലെ ധനലക്ഷ്മി ഗ്രൂപ്പാണ് വിജയമ്മ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ബന്ദിക്കൃഷി ചെയ്തത്. ഓണവിപണിയെ ലക്ഷ്യമിട്ടായിരുന്നു കൃഷി. ഓണത്തോട് അനുബന്ധിച്ച് വിളവെടുപ്പ് നടത്തിയെങ്കിലും വിപണി കണ്ടെത്താൻ പുതുതായെത്തിയവർ ബുദ്ധിമുട്ടി. വിപണിയൊരുക്കാനും വില നിശ്ചയിക്കാനും സർക്കാർതലത്തിൽ സംവിധാനമില്ല. ഓണവിപണിയിൽ കിലോയ്ക്ക് 100 രൂപ ലഭിച്ചെങ്കിലും ഇപ്പോൾ വില 40 രൂപയിലും താഴ്‌ന്നിരിക്കുകയാണ്.
ആയിരംമൂട് ബന്ദി കൃഷിചെയ്ത വിജയമ്മ ഇതുവരെ 60 കിലോ ബന്ദിപ്പൂ മാത്രമാണ് വിറ്റഴിച്ചത്. രണ്ടാം വാർഡിൽ ജൽജീവൻ പദ്ധതിക്കായി പൈപ്പിടുന്നത് കാരണം കുടിവെള്ളംപോലും കിട്ടുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ മഴയില്ലാത്തതുകാരണം 800 രൂപയ്ക്ക് ടാങ്കറിൽ വെള്ളമെത്തിച്ചാണ് ചെടികൾ നനച്ചത്. കൃഷിവകുപ്പിൽനിന്ന് തൈകൾ വാങ്ങാത്തതുകൊണ്ട് അവിടെനിന്നുള്ള സഹായവും കർഷകർക്ക് ലഭിച്ചില്ല. വളവും പണിക്കൂലിയും ഉൾപ്പെടെ 6000 രൂപ ചെലവാക്കിയെങ്കിലും ഇതുവരെ 3500 രൂപയേ പൂ വിറ്റ് ലഭിച്ചുള്ളൂവെന്ന് വിജയമ്മ പറയുന്നു. സർക്കാർതലത്തിൽ നടന്ന ഓണാഘോഷ പരിപാടികളിൽ അത്തപ്പൂവിടാൻപോലും നാട്ടിലെ കർഷകരുടെ കൈയിൽനിന്ന് പൂവ് വാങ്ങിയില്ലെന്നുള്ള ആക്ഷേപവും ശക്തമാണ്. വരുംവർഷങ്ങളിൽ സർക്കാരിന്റെയും കുടുംബശ്രീയുടെയും ഓണവിപണികളിൽ കർഷകരുടെ പൂക്കൾ വിൽക്കാനുള്ള അവസരമൊരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.