ദുബായ്: വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് 11.5 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് യു.എ.ഇ. ഫെഡറല്‍ സുപ്രീംകോടതി. സ്വദേശി ഓടിച്ച കാറിടിച്ച് പരിക്കേറ്റ മലപ്പുറം കൂരാട് കുമ്മാളി വീട്ടില്‍ ഷിഫിനാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്. അല്‍ഐനില്‍ ഗ്രോസറി ജീവനക്കാരനായിരുന്നു ഷിഫിന്‍. 2022 മാര്‍ച്ച് 26-നാണ് കേസിനാസ്പദമായ സംഭവം. അഞ്ച് പേരടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ പ്രവാസിയായ പിതാവിന് കൈതാങ്ങായാണ് 22-ാം വയസ്സില്‍ ഷിഫിന്‍ യു.എ.ഇയിലെത്തുന്നത്. അല്‍ഐനിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു ജോലി. ബഖാലയില്‍ നിന്നും മോട്ടോര്‍സൈക്കിളില്‍ സാധനങ്ങളുമായി പോയ ഷിഫിനെ ഒരു സ്വദേശി ഓടിച്ച കാര്‍ വന്ന് ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു.
അപകടത്തെ തുടര്‍ന്ന് ഷിഫിന് കാര്യമായി പരിക്കേറ്റിരുന്നു. പിന്നീട് സി.സി.ടി.വിയുടെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടി. ഉടന്‍തന്നെ ഷിഫിനെ അല്‍ഐനിലെ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കി. എങ്കിലും തലയ്ക്ക് കാര്യമായ പരിക്കേറ്റിരുന്നതിനെ തുടര്‍ന്ന് പത്തോളം അവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത നഷ്ടപ്പെട്ടു. അപകടവിവരമറിഞ്ഞ് പിതാവ് ഉമ്മര്‍ സൗദിയിലെ ജോലിയും വിട്ട് അല്‍ഐനിലെ ആശുപത്രിയിലെത്തിയിരുന്നു.