കൊല്ലം : ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് സ്വയം കാറോടിച്ച് വരുന്നതിനിടെ അപകടത്തില്‍പ്പെട്ട് ആര്‍ക്കിടെക്‌ട് മരിച്ചു. കൊല്ലം മുണ്ടയ്ക്കല്‍ എ ആര്‍ നഗര്‍, ശിവമംഗലം വീട്ടില്‍ ജി.പ്രശാന്ത് (44) ആണ് മരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വരുന്നതിനിടെയാണ് പ്രശാന്ത് അപകടത്തില്‍പ്പെട്ടത്. ഭാര്യ ദിവ്യയും ഈ സമയം കാറില്‍ ഉണ്ടായിരുന്നു.
കൊല്ലത്തെ ബിഷപ്പ് ബെന്‍സിഗര്‍ ആശുപത്രിയ്ക്ക് തൊട്ടരികിലായിരുന്നു സംഭവം. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രശാന്ത് ഭാര്യയെയും കൂട്ടി സ്വയം കാറോടിച്ച് വരികയായിരുന്നു. എന്നാല്‍ ആശുപത്രിക്ക് അരികില്‍വെച്ച് നെഞ്ച് വേദന വര്‍ദ്ധിച്ചതോടെ കാറിന്‍റെ നിയന്ത്രണം നഷ്ടമാകുകയും സമീപത്തെ കടയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.
അപകടത്തില്‍ കാറിന്‍റെ മുന്‍ ഭാഗവും കടയുടെ മതിലും പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ പ്രദേശവാസികള്‍ ഉടന്‍ തന്നെ പ്രശാന്തിനെയും ദിവ്യയെയും ആശുപത്രിയിലെത്തിച്ചെങ്കിലും പ്രശാന്തിനെ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് സൂചന.
നിസാര്‍ റഹിം ആന്‍ഡ് മാര്‍ക്ക് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (എന്‍.ആര്‍.എം.എസ്.എ) ഡീന്‍ ആണ് പ്രശാന്ത്. അപകടത്തില്‍ പരിക്കേറ്റ പ്രശാന്തിന്റെ ഭാര്യ ദിവ്യ കൊല്ലം ബാറിലെ അഭിഭാഷകയാണ്. ഇവര്‍ പരിക്കുകളോടെ ബെന്‍സിഗര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.