റാന്നി : പാസ്റ്ററുടെയും മക്കളുടെയും മരണത്തില്‍ നടുങ്ങി പൂവന്മല ഗ്രാമം. പൂവന്മല ചര്‍ച്ച് ഓഫ് ഗോഡിലെ പാസ്റ്ററായ വി.എം ചാണ്ടിയുടെയും മക്കളായ ബ്ലെസി, ഫേബ എന്നിവരുടെയും മരണമാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയത്. അല്പം മുമ്പ് മുന്നിലൂടെ കടന്നുപോയവര്‍ മരിച്ചുവെന്ന് കേട്ടപ്പോള്‍ പലര്‍ക്കും വിശ്വസിക്കാനായില്ല. മക്കളെ കോളേജുകളില്‍ കൊണ്ടുവിടാന്‍ പോകുംവഴിയാണ് വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം അപകടമുണ്ടായത്. ഭര്‍ത്താവും മക്കളും മരിച്ചതോടെ ഷാന്റി തനിച്ചായി.
പാസ്റ്റര്‍ പൂവന്മല ആരാധനാലയത്തില്‍ എത്തിയിട്ട് ഒരു വര്‍ഷം മാത്രമേ ആയുള്ളൂവെങ്കിലും ഇതിനുള്ളില്‍ ചര്‍ച്ചിലെ അംഗങ്ങളുടെയും നാട്ടുകാരുടെയും പ്രിയങ്കരനായിരുന്നു. ഏത് ആവശ്യത്തിനും രാപകല്‍ വ്യത്യാസമില്ലാതെ ഓടിയെത്തുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് ചര്‍ച്ചില്‍പ്പെട്ട മാമച്ചന്‍കാലായില്‍ ബേബിയും ഭാര്യ സൂസനും പറയുന്നു. എല്ലാവരോടും വളരെ സ്‌നേഹത്തോടെ പെരുമാറുന്ന ആളായിരുന്നു പാസ്റ്ററെന്നും ചര്‍ച്ചിലെ അംഗങ്ങള്‍ പറഞ്ഞു. ചര്‍ച്ചിലുള്ള 12 കുടുംബങ്ങളോടും അടുത്ത ബന്ധമാണ് പുലര്‍ത്തിവന്നത്. എല്ലാ ദിവസവും പാസ്റ്റര്‍ തന്നെയാണ് ബി.സി.എ. വിദ്യാര്‍ഥിനിയായ ഇളയ മകള്‍ ഫേബയെ പരുമല മാര്‍ ഗ്രിഗോറിയോസ് കോളേജില്‍ കൊണ്ടുപോയിരുന്നത്.
ഇടുക്കി സ്വദേശിയായ പാസ്റ്റര്‍ 21 വര്‍ഷമായി സുവിശേഷ പ്രവര്‍ത്തനം നടത്തിവരുന്നു. 2021 ജൂണിലാണ് പൂവന്മലയിലെത്തിയത്. അതിന് മുമ്പ് മൂന്നുവര്‍ഷം എഴുമറ്റൂര്‍ ചര്‍ച്ച് ഓഫ് ഗോഡിലായിരുന്നു. മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടുമതല്‍ 11 വരെ കുമ്പനാട്ടെയും 12 മുതല്‍ രണ്ടുവരെ പൂവന്മലയിലെയുംചര്‍ച്ച് ഓഫ് ഗോഡ് ആരാധനാലയങ്ങളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് സ്വദേശമായ ഇടുക്കിയിലേക്ക് കൊണ്ടുപോകും.