കൊല്ലം: ഒ.എല്‍.എക്സ് വഴി കാര്‍ വാങ്ങാനെത്തി മുഴുവന്‍ തുകയും നല്‍കാതെ കാറുമായി മുങ്ങിയ കേസിലെ പ്രതി പോലീസ് പിടിയില്‍. ഇടുക്കി തൊടുപുഴ സ്വദേശി വില്‍സണ്‍ ജോസഫാണ് പിടിയിലായത്. വാളകം പൊലിക്കോട് സ്വദേശിയായ സ്ത്രീയുടെ പേരിലുള്ള സ്വിഫ്റ്റ് ഡിസയര്‍ കാര്‍ വില്‍പനക്കായി ഒ.എല്‍.എക്സില്‍ പരസ്യം ചെയ്തിരുന്നു. ഈ പരസ്യം കണ്ടു കാര്‍ വാങ്ങാനായി വീട്ടിലെത്തി കുറച്ചു പണം നല്‍കി ബാക്കി പിന്നീട് നല്‍കാമെന്ന് പറഞ്ഞു രേഖകള്‍ സഹിതം കാറുമായി കടന്നു കളയുകയായിരുന്നു.
ഇടുക്കി തൊടുപുഴ കാഞ്ഞാര്‍ മിറ്റത്താനിയ്ക്കല്‍ വീട് എന്ന വിലാസമാണ് വില്‍സണ്‍ ജോസഫ് നല്‍കിയിട്ടുള്ളത്. ആറു മാസം മുന്‍പായിരുന്നു വാഹന ഇടപാട്. അവശേഷിക്കുന്ന തുകക്കായി വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവേ പ്രതി തൊടുപുഴയില്‍ ഉണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര എസ് ഐ സാബുജി മാസ്, എ എസ് ഐ അനില്‍കുമാര്‍, സി പി ഒ സലില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ തൊടുപുഴയില്‍ നിന്നും പിടികൂടിയത്. ഇയാള്‍ക്ക് ഇടുക്കി ജില്ലയിലെ തൊടുപുഴ, വണ്ടിപ്പെരിയാര്‍ കോട്ടയം ജില്ലയിലെ വാകത്താനം എന്നീ പോലീസ് സ്റ്റേഷനുളില്‍ സമാനസ്വഭാവമുള്ള കേസുകള്‍ നിലവിലുണ്ട്.