മഞ്ചേരി : വാഹന വിൽപ്പനക്കാരനെ തട്ടിക്കൊണ്ടുപോയി അഞ്ചര ലക്ഷം രൂപയും ഫോണും തട്ടിയെടുത്ത കേസിൽ മൂന്നുപേരെ മഞ്ചേരി പൊലീസ് അറസ്റ്റുചെയ്തു. എറണാകുളം സ്വദേശികളായ സാം, അരവിന്ദ്, സിജോ എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേരെകൂടി പിടികൂടാനുണ്ട്. പയ്യനാട് വടക്കാങ്ങര സ്വദേശി മുഹമ്മദ് ഹാസിഫിനെ (48)യാണ് കഴിഞ്ഞ 13ന് മഞ്ചേരി വായപ്പാറപ്പടിയിൽനിന്ന് തട്ടിക്കൊണ്ടുപോയത്. സാമൂഹ്യമാധ്യമത്തിലെ പരസ്യം കണ്ട് കാർ വാങ്ങാനെന്ന പേരിലാണ് മൂന്നംഗ സംഘം മഞ്ചേരിയിൽ എത്തിയത്. തുടർന്ന് വായപ്പാറപ്പടിയിൽനിന്ന് ഹാസിഫിനെ കാറിൽകയറ്റി മലപ്പുറം ഭാഗത്തേക്ക് പോയി. ഇടയ്ക്കുവച്ച് രണ്ടുപേർകൂടി കയറി. ഇരുമ്പുഴിയിലെത്തിയപ്പോൾ കാറിലുണ്ടായിരുന്ന ഒരാൾ സൈബർ സെൽ എസ്ഐ ആണെന്നും സാം, അരവിന്ദ്, സാബു എന്നിവർക്ക് 30 ലക്ഷം രൂപയുടെ കള്ളനോട്ട് കൈമാറിയത് നീയല്ലേയെന്നും ചോദിച്ചു.
ഇതിനിടെ കാറിൽവച്ച് ഹാസിഫിന്റെ പഴ്സ്, ഫോൺ, വാച്ച് എന്നിവ തട്ടിയെടുത്തു. വാഗമണ്ണിലെ റിസോർട്ടിൽ എത്തിച്ച് മർദിച്ചു. എടിഎം കാർഡും പിൻ നമ്പറും കൈക്കലാക്കി അഞ്ചര ലക്ഷം രൂപ പിൻവലിച്ചു. നാട്ടിലെ സുഹൃത്ത് സുനീറിനെ വിളിച്ച് 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഈ സമയം വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വൈക്കത്തുനിന്നാണ് ഹാസിഫുമായി പ്രതികളെ പിടികൂടിയത്. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.