ഇന്ത്യൻ വിപണിയിൽ എസ്‌യുവികൾക്ക് ജനപ്രിതി ഏറിവരുന്നതോടെ സെഡാനുകളുടെയും ഹാച്ച്ബാക്കുകളുടെയും വിൽപ്പന കുറയുകയാണ്. എന്നാൽ സെഡാനുകൾ ഉപയോഗിച്ച് ശീലമുള്ള ആളുകൾക്ക് അവയിൽ നിന്ന് മാറാൻ അല്പം പ്രയാസമായിരിക്കും. സെഡാൻ കാറുകളുടെ ഏറ്റവും വലിയ പ്രത്യേകത യാത്ര ചെയ്യാനുള്ള സുഖമാണ്. ഇവ ഡ്രൈവ് ചെയ്യുന്നതും സുഖകരമായ കാര്യമാണ്. സെഡാൻ വാങ്ങാൻ പദ്ധതിയിട്ടാൽ പലരും പറയാറുള്ള കാര്യം ഗ്രൗണ്ട് ക്ലിയറൻസ് കുറവായിരിക്കും, അടിതട്ടും എന്നാണ്. എന്നാൽ മികച്ച ഗ്രൗണ്ട് ക്ലിയറൻസുള്ള സെഡാനുകളും ഇന്ത്യയിലുണ്ട്. ഇവ പരിചയപ്പെടാം.
ഫോക്‌സ്‌വാഗൺ വിർറ്റസ്, സ്‌കോഡ സ്ലാവിയ
ഫോക്‌സ്‌വാഗന്റെ ഗ്രൂപ്പ് എംക്യുബി എ0 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമ്മിച്ച രണ്ട് വാഹനങ്ങളാണ് ഫോക്‌സ്‌വാഗൺ വിർറ്റസും സ്‌കോഡ സ്ലാവിയയും. ഈ സെഡാനുകൾക്ക് 179 എംഎം ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്. ഫോക്‌സ്‌വാഗൺ വിർറ്റസിന്റെ എക്സ് ഷോറൂം വില 11.48 ലക്ഷം രൂപ മുതൽ 19.29 ലക്ഷം രൂപ വരെയാണ്. സ്‌കോഡ സ്ലാവിയയുടെ ഇന്ത്യയിലെ എക്സ് ഷോറൂം വില 10.89 ലക്ഷം രൂപ മുതൽ 18.45 ലക്ഷം രൂപ വരെയാണ്. മികച്ച സവിശേഷതകളും കരുത്തുള്ള എഞ്ചിനുമായിട്ടാണ് ഈ സെഡാനുകൾ വരുന്നത്.
ഹോണ്ടഅമേസ്
മികച്ച ഗ്രൗണ്ട് ക്ലിയറൻസുള്ള സെഡാനുകളുടെ പട്ടികയിൽ ഇന്ത്യയിലെ ജനപ്രിയ മോഡലുകളിൽ ഒന്നായ ഹോണ്ട അമേസും ഇടം പിടിച്ചിട്ടുണ്ട്. ഈ വാഹനത്തിന് 170 എംഎം ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്. ഹോണ്ട അമേസിന്റെ ഇന്ത്യയിലെ എക്സ് ഷോറൂം വില 7.10 ലക്ഷം രൂപ മുതൽ 9.04 ലക്ഷം രൂപ വരെയാണ്. 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഈ വാഹനത്തിലുള്ളത്. ഈ എഞ്ചിൻ 89 ബിഎച്ച്പി പവറും 110 എൻഎം മാക്സിമം ടോർക്കും നൽകുന്നു.
ടാറ്റ ടിഗോർ
പെട്രോൾ, സിഎൻജി, ഇലക്ട്രിക് വേരിയന്റുകളിൽ ലഭ്യമാകുന്ന ടാറ്റ ടിഗോർ സെഡാന് 170 എംഎം ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്. ടാറ്റ ടിഗോറിന്റെ എക്സ് ഷോറൂം വില 6.30 ലക്ഷം രൂപ മുതൽ 8.90 ലക്ഷം രൂപ വരെയാണ്. ടാറ്റ ടിഗോർ ഇവിയുടെ എക്സ് ഷോറൂം വില 12.49 ലക്ഷം മുതൽ 13.75 ലക്ഷം രൂപ വരെയാണ്. 315 കിലോമീറ്റർ റേഞ്ചാണ് ടിഗോർ ഇവി നൽകുന്നത്. ആകർഷകമായ സവിശേഷതകളും മികച്ച സുരക്ഷാ ഫീച്ചറുകളും ഈ വാഹനത്തിലുണ്ട്.
ഹ്യുണ്ടായ് ഓറ
ഹ്യുണ്ടായിയുടെ സബ് 4 മീറ്റർ സെഡാനാണ് ഹ്യുണ്ടായ് ഓറ. ഈ വാഹനത്തിന് 165 എംഎം ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്. 1.2 ലിറ്റർ കപ്പ പെട്രോൾ എഞ്ചിന്റെ കരുത്തിലാണ് ഈ വാഹനം പ്രവർത്തിക്കുന്നത്. സിഎൻജി വേരിയന്റിലും ഹ്യുണ്ടായ് ഓറ ലഭ്യമാകുന്നത്. 6.33 ലക്ഷം രൂപ മുതൽ 8.90 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായ് ഓറ സെഡാനിന്റെ എക്‌സ് ഷോറൂം. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതളും ഡിസൈനുമുള്ള സെഡാൻ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ചോയിസാണ് ഇത്.
മാരുതി സുസുക്കി സിയാസ്
ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സെഡാനുകളിൽ ഒന്നാണ് മാരുതി സുസുക്കി സിയാസ്. ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില 9.30 ലക്ഷം രൂപ മുതൽ 12.45 ലക്ഷം രൂപ വരെയാണ്. 170 എംഎം ഗ്രൗണ്ട് ക്ലിയറൻസാണ് മാരുതി സുസുക്കി സിയാസ് സെഡാനുള്ളത്. മികച്ച മൈലേജും ആകർഷകമായ സവിശേഷതകളുമായിട്ടാണ് ഈ സെഡാൻ പുറത്തിറക്കിയിരിക്കുന്നത്.