ഹോണ്ട ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് കമ്പനിയുടെ പുതിയ എസ്‌യുവിയായ ഹോണ്ട എലിവേറ്റിന്റെ (Honda Elevate) ഇന്ത്യയിലെ വില പ്രഖ്യാപിച്ചു. ഈ വാഹനത്തിന്റെ സവിശേഷതകളും ഡിസൈനുമെല്ലാം നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നുവെങ്കിലും വില ഇപ്പോഴാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് വേരിയന്റുകളിലാണ് ഈ വാഹനം വരുന്നത്. 11 ലക്ഷം രൂപ മുതൽ 16 ലക്ഷം രൂപ വരെയാണ് ഹോണ്ട എലിവേറ്റിന്റെ ഇന്ത്യയിൽ എക്സ് ഷോറൂം വില. വേരിയന്റുകൾ തിരിച്ചുള്ള വില നോക്കാം. ഹോണ്ട എലിവേറ്റിന്റെ ബേസ് വേരിയന്റായ SV എന്ന വേരിയന്റ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനിൽ മാത്രമേ ലഭിക്കുകയുള്ളു. ഈ മോഡലിന് 11 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. വാഹനത്തിന്റെ V വേരിയന്റിന്റെ മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷന് 12.11 ലക്ഷം രൂപയും ഓട്ടോമാറ്റിക്ക് ട്രാൻസ്സമിഷൻ മോഡലിന് 13.21 ലക്ഷം രൂപയും എക്സ് ഷോറൂം വിലയുണ്ട്. VX എന്ന വേരിയന്റിന്റെ മാനുവൽ ട്രാൻസിമിഷന് 13.50 ലക്ഷം രൂപയും ഓട്ടോമാറ്റിക്കിന് 14.60 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. ZX ഹൈ എൻഡ് വേരിയന്റിന്റെ മാനുവൽ ഓപ്ഷൻ 14.90 ലക്ഷം രൂപയ്ക്കും ഓട്ടോമാറ്റിക് 16 ലക്ഷം രൂപ എക്സ് ഷോറൂം വിലയ്ക്കും ലഭിക്കും.
ജൂലൈ മുതൽ തന്നെ ഹോണ്ട എലിവേറ്റിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. 4,312 എംഎം നീളവും 1,650 എംഎം ഉയരവും 2,650 എംഎം വീൽബേസുമാണ് വാഹനത്തിലുള്ളത്. 458 ലിറ്റർ ബൂട്ട് സ്പേസും 220 എംഎം ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിനുണ്ട്. എൽഇഡി ഹെഡ്‌ലൈറ്റുകൾക്ക് താഴെയായി രണ്ട് ഫോഗ് ലാമ്പുകളും വലിയ ഗ്രില്ലുമുള്ള മുൻവശമാണ് ഹോണ്ട എലിവേറ്റിനുള്ളത്. ഹെഡ്‌ലൈറ്റുകളും എൽഇഡി ഡെയ്‌ടൈം റണ്ണിംഗ് ലാമ്പുകളും ക്രോം ബാർ ഉപയോഗിച്ച് കണക്റ്റ് ചെയ്തിട്ടുണ്ട്. 16 ഇഞ്ച് അലോയ് വീലുകളും വാഹനത്തിലുണ്ട്. ആകർഷകമായ ഇന്റീരിയറാണ് ഹോണ്ട എലിവേറ്റിലുള്ളത്. 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനുമായി വരുന്ന വാഹനത്തിൽ സിംഗിൾ-പേൻ സൺറൂഫുണ്ട്.
കൊളീഷൻ മിറ്റിഗേഷൻ ബ്രേക്കിങ് സിസ്റ്റം, ലെയ്ൻ ഡിപ്പാർച്ചർ വാണിങ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, റോഡ് ഡിപ്പാർച്ചർ വാണിങ്, ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളുള്ള ഹോണ്ട സെൻസിങ് ADAS സ്യൂട്ടാണ് എലിവേറ്റിലെ ഏറ്റവും വലിയ സുരക്ഷാ ഫീച്ചർ. 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ ഈ വാഹനം ലഭ്യമാകും. ഇതൊരു 4 സിലിണ്ടർ പെട്രോൾ എഞ്ചിനാണ്. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും സിവിടി ട്രാൻസ്മിഷനും ഈ വാഹനത്തിൽ ലഭിക്കും. ഈയൊരു പെട്രോൾ എഞ്ചിൻ ഓപ്ഷൻ മാത്രമേ വാഹനത്തിലുള്ളു. ഹൈബ്രിഡ് ഓപ്ഷൻ വരുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും ഹോണ്ട ഇത് സംബന്ധിച്ച സൂചനകളൊന്നും നൽകിയില്ല.