ജൂലൈ മാസത്തിൽ ഇന്ത്യൻ വിപണിയിൽ മികച്ച നിരവധി വാഹനങ്ങൾ അവതരിപ്പിക്കാൻ പോവുകയാണ്. കാറുകളിൽ തന്നെ നാല് പ്രധാന മോഡലുകളാണ് ജൂലൈയിൽ ലോഞ്ച് ചെയ്യാൻ പോകുന്നത്. കിയ, മാരുതി സുസുക്കി, ഓഡി, ഹ്യുണ്ടായ് എന്നീ ബ്രാന്റുകളെല്ലാം തങ്ങളുടെ പുതിയ മോഡലുകൾ ഈ മാസം വിപണിയിൽ അവതരിപ്പിക്കും. ജൂലൈയിൽ പുറത്തിറങ്ങാൻ പോകുന്ന കാറുകളും അവയുടെ സവിശേഷതകളും വിശദമായി നോക്കാം.
കിയ സെൽറ്റോസ് ഫേസ്‌ലിഫ്റ്റ് ജൂലൈ 4ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. അപ്‌ഡേറ്റ് ചെയ്ത മോഡൽ ഇതിനകം തന്നെ നിരവധി തവണ പരീക്ഷണം നടത്തിയതായി കണ്ടെത്തിയിരുന്നു. റീസ്റ്റൈൽ ചെയ്ത ഹെഡ്‌ലാമ്പുകൾ, പുതിയ ടെയിൽ ലൈറ്റുകൾ, പുതുക്കിയ ബമ്പറുകൾ, പുതിയ അലോയ് വീലുകൾ എന്നിവയുൾപ്പെടെയുള്ള സവിശേഷതകളുമായിട്ടാണ് ഈ വാഹനം വരുന്നത്. പുതിയ എഞ്ചിനും ഈ വാഹനത്തിൽ കിയ നൽകുമെന്നാണ് സൂചനകൾ. കിയ സെൽറ്റോസ് ഫേസ്‌ലിഫ്റ്റിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, ADAS സുരക്ഷാ സാങ്കേതികവിദ്യ എന്നിവയടങ്ങുന്ന പുതുക്കിയ ഇന്റീരിയർ ഉണ്ടായിരിക്കും. പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനായിരിക്കും ഈ വാഹനത്തിന് കരുത്ത് നൽകുന്നത്. ഈ എഞ്ചിൻ 160 പിഎസ് പവർ ഉത്പാദിപ്പിക്കുമെന്നും സൂചനകളുണ്ട്. ഈ പുതുക്കിയ പതിപ്പിന്റെ മറ്റ് വിവരങ്ങൾ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
മാരുതി സുസുക്കി ഇൻവിക്റ്റോ; ടൊയോട്ട ഇന്നോവ ഹൈക്രോസ് അടിസ്ഥാനമാക്കിയുള്ള മാരുതി സുസുക്കി ഇൻവിക്റ്റോ ജൂലൈ 5ന് ഇന്ത്യയിൽ അവതരിപ്പിക്കും. പ്രീമിയം ഡീലർഷിപ്പായ നെക്സ വഴിയായിരിക്കും ഈ വാഹനം വിൽപ്പനയ്ക്ക് എത്തുന്നത്. ഈ എംപിവി 2.0 ലിറ്റർ പെട്രോൾ ഹൈബ്രിഡ് പവർട്രെയിനിൽ മാത്രമേ ലഭ്യമാവുകയുള്ളു എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഒരു ലിറ്റർ പെട്രോളിൽ 21.1 കിലോമീറ്റർ വരെ മൈലേജ് നൽകുന്ന വാഹനമായിരിക്കും ഇതെന്നും സൂചനകളുണ്ട്. മാരുതി സുസുക്കിയുടെ ഏറ്റവും വില കൂടിയ വാഹനമായിരിക്കും ഇത്.
ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ എസ്‌യുവിയായി ഹ്യുണ്ടായ് എക്‌സ്‌റ്റർ ജൂലൈ 10ന് ഇന്ത്യൻ വിപണിയിലെത്തും. ഇതിനകം തന്നെ ഈ വാഹനത്തിന്റെ ചിത്രങ്ങളും സവിശേഷതകളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. സിട്രോൺ സി3, ടാറ്റ പഞ്ച് എന്നിവയോടാണ് ഹ്യുണ്ടായ് എക്‌സ്‌റ്റർ മത്സരിക്കുന്നത്. 83 പിഎസ് പവർ ഉത്പാദിപ്പിക്കുന്ന 1.2-ലിറ്റർ എൻഎ പെട്രോൾ എഞ്ചിനുമായിട്ടായിരിക്കും ഈ വാഹനം വരുന്നത്. ഇതൊരു സിഎൻജി ഓപ്ഷനിലും ലഭ്യമാകും. 5 സ്പീഡ് മാനുവൽ, എഎംടി ഓപ്ഷനുകളിൽ ഈ വാഹനം ലഭിക്കും. ഇലക്ട്രിക് സൺറൂഫ്, കണക്റ്റഡ് ടെക്, ക്രൂയിസ് കൺട്രോൾ, വയർലെസ് ചാർജർ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നീ സവിശേഷതകളും കാറിൽ ഉണ്ടായിരിക്കും.
ഓഡി ക്യു8 ഇ-ട്രോൺ ; ഓഡി ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്ന അടുത്ത വാഹനം ജൂലൈ മാസത്തിൽ തന്നെയാണ് ലോഞ്ച് ചെയ്യുന്നത്. ഓഡി ക്യു8 ഇ-ട്രോൺ എന്ന വാഹനമാണ് കമ്പനി പുറത്തിറക്കാൻ പോകുന്നത്. 2021ൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഓഡി ഇ-ട്രോണിന്റെ റീഡിസൈൻ ചെയ്ത പതിപ്പാണ് ക്യു8 ഇ-ട്രോൺ. ഇത് കംപ്ലൂറ്റ് ബിൽഡ് യൂണിറ്റായിട്ടായിരിക്കും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക എന്നാണ് സൂചനകൾ. ഈ വാഹനത്തിന്റെ വില ഒരു കോടി രൂപയിൽ കൂടുതലായിരിക്കും.