പത്തനാപുരം : ജനം ടിവിയുടെ വാര്‍ത്തയ്ക്ക് താഴെ മത വിരുദ്ധ പോസ്റ്റിട്ട് മന:പൂര്‍വ്വം വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സി.പി.ഐ നേതാവ് ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് എതിരെ പോലീസ് കേസെടുത്തു. പത്തനാപുരം കുണ്ടയം മലങ്കാവിലാണ് സംഭവം. നിരപരാധിയായ യുവാവിനെ കുടുക്കാന്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി മുസ്ലിം സമുദായത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റിട്ട് പ്രചരിപ്പിച്ച് വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ ആയിരുന്നു സംഘത്തിന്റെ ശ്രമം.
അനീഷ് എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്ന് കാവിക്കൂട്ടുകാര്‍ എന്ന പേജില്‍, ജനം ടിവിയുടെ ഒരുവാര്‍ത്ത പോസ്റ്റ് ചെയ്തതിന്റെ താഴെയാണ് കമന്റ് വന്നത്. ഇതോടെ മുസ്ലിം സമുദായത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ കമന്റിട്ടെന്ന് ആരോപിച്ച് പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട അനീഷിന് നേരേ വലിയ രീതിയില്‍ സൈബറാക്രമണം നടന്നു. എന്നാല്‍ അനീഷ് എന്ന യുവാവ് ഇക്കാര്യത്തില്‍ നിരപരാധിയാണെന്ന് പോലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു.
സംഭവത്തിനുപിന്നില്‍ സിപിഐ പത്തനാപുരം കുണ്ടയം ബ്രാഞ്ച് സെക്രട്ടറി താന്നിവിളവീട്ടില്‍ ജെ.മുഹമ്മദ് ഇല്ല്യാസ് (32), പുത്തന്‍പറമ്പില്‍ ഫൈസല്‍ (23), താന്നിവിള വടക്കേതില്‍ ഷംനാദ് (31), മൂജീബ് മന്‍സിലില്‍ മുജീബ് (25), നിഷാ മന്‍സിലില്‍ നജീബ് ഖാന്‍ (35), വേങ്ങവിളവീട്ടില്‍ മുജീബ് റഹ്മാന്‍ (38), താന്നിവിള വീട്ടില്‍ അബ്ദുള്‍ ബാസിദ് (29) എന്നിവരാണെന്ന് പോലീസ് കണ്ടെത്തി.
കുവൈറ്റില്‍ ഉള്ള അനീഷ് എന്ന അക്കൗണ്ടില്‍ നിന്നാണ് ഫേസ്ബുക്കില്‍ മുസ്ലിം വിദ്വേഷകരമായ കമന്റ് ഉണ്ടായത്. മുസ്ലിം സമുദായത്തെയും മുസ്ലിം സ്ത്രീകളെയും മോശക്കാരാക്കി ചിത്രീകരിച്ചു എന്നാണ് ആരോപണം. ഫലസ്തീനില്‍ മുസ്ലീങ്ങള്‍ക്ക് ഒരു അവകാശവും ഇല്ല എന്ന രീതിയിലായിരുന്നു രണ്ടു കമന്റുകള്‍. ഈ കമന്റുകള്‍ പത്തനാപുരം, കുണ്ടയം മലങ്കാവ് സ്വദേശി അനീഷിന്റെ അക്കൗണ്ടില്‍ നിന്നാണെന്ന് സംശയം തോന്നിക്കുന്ന രീതിയിലായിരുന്നു. ഈ സംഭവം പോലീസ് അന്വേഷണത്തില്‍ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.