കോഴിക്കോട് : സ്വിറ്റ്‌സര്‍ലന്‍ഡിൽ ബൈബിള്‍ അച്ചടിക്കുന്ന കമ്പനിയില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കലാഭവന്‍ സോബി ജോര്‍ജ് പണം തട്ടിയെടുത്തതായി വീട്ടമ്മയുടെ പരാതി. പുല്‍പ്പള്ളി സ്വദേശിയായ വത്സമ്മ ജോയിയാണ് കലാഭവന്‍ സോബി ജോര്‍ജിനെതിരേ പുല്‍പ്പള്ളി പോലീസില്‍ 2,20,000 രൂപ തട്ടിയെന്നാരോപിച്ച് പരാതി നല്‍കിയിക്കുന്നത്. പുല്‍പ്പള്ളിയില്‍ ഇവര്‍ നടത്തിയിരുന്ന പലചരക്കു കടയില്‍ സ്ഥിരമായി വരാറുള്ള ബെന്നി വഴിയാണ് കലാഭവന്‍ സോബിയെ പരിചയപ്പെടുന്നത്. കോവിഡില്‍ ജോലി നഷ്ടമായ വത്സമ്മയുടെ മകന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ബൈബിള്‍ അച്ചടിക്കുന്ന കമ്പനിയില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്.
ബെന്നിയുടെ ബന്ധത്തിലുള്ള 12 പേര്‍ വിസയ്ക്ക് പണം നല്‍കിയിട്ടുണ്ടെന്നും കമ്പനിയില്‍ ഇനിയും ഒഴിവുണ്ടെന്നുമാണ് ബെന്നി വത്സമ്മയേയും കുടുംബത്തേയും വിശ്വസിപ്പിച്ചത്. ഇതിനിടെ മകന് വേറെ ജോലി കിട്ടിയതിനാല്‍ വത്സമ്മയുടെ ആവശ്യപ്രകാരം വിസ മരുമകളുടെ പേരിലേക്ക് മാറ്റി നല്‍കാമെന്നും സമ്മതിച്ചു. 40 ദിവസത്തിനുള്ളില്‍ വിസ നല്‍കുമെന്നും രണ്ടുലക്ഷം രൂപ വിസയ്ക്കും ഇരുപതിനായിരം രൂപ സ്വിറ്റ്‌സര്‍ലന്‍ഡിലെ ക്വാറന്റീന്‍ ചെലവുകള്‍ക്കുമാണെന്നാണ് ഇവരോട് പറഞ്ഞത്. പറഞ്ഞ ദിവസം വിസ കിട്ടാതായതോടെ അതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് കലാഭവന്‍ സോബി ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെന്നും വത്സമ്മ ആരോപിക്കുന്നു.
ഇയാള്‍ പറഞ്ഞ പ്രകാരം 2,20,000 രൂപ കലാഭവന്‍ സോബി ജോര്‍ജിന്റെ അക്കൗണ്ടിലേക്ക് അയച്ചു. ഇതിന് പകരം സമാനമായ തുകയുടെ ചെക്ക് കലാഭവന്‍ സോബി ഇവര്‍ക്ക് കൈമാറി. കമ്പനിയില്‍ കൂടുതല്‍ ഒഴിവുകള്‍ ഉണ്ടെന്ന് പറഞ്ഞ് വത്സമ്മയുടെ കുടുംബത്തില്‍ നിന്നുള്ള മറ്റ് നാല് പേരില്‍ നിന്ന് കൂടി പണം തട്ടിയിട്ടുണ്ടെന്നും വത്സമ്മ പറയുന്നു. ഇവരുടെ മകന്‍ കോതമംഗലം നെല്ലിമറ്റത്തെ കലാഗൃഹം ഓഫീസില്‍ പോയി കലാഭവന്‍ സോബി ജോര്‍ജിനെ കാണുകയും ചെയ്തു. സോബിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെയാണ് ഇയാള്‍ നല്‍കിയ ചെക്കുമായി പണം തിരിച്ചെടുക്കാന്‍ ഇവര്‍ ബാങ്കില്‍ എത്തിയത്. പക്ഷേ, ചെക്ക് മടങ്ങി. തുടര്‍ന്നാണ് പുല്‍പ്പള്ളി പോലീസില്‍ പരാതി നല്‍കിയത്.