റായ്പൂര്‍: ഛത്തീസ്ഗഡിലെ കുങ്കുരിയില്‍ മലയാളി കന്യാസ്ത്രീക്കെതിരെ മതപരിവര്‍ത്തനത്തിന് കേസെടുത്തു. കത്തോലിക്കാ സഭയ്ക്ക് കീഴിലുള്ള നഴ്സിങ് കോളജ് പ്രിന്‍സിപ്പലായ ബിന്‍സിക്കെതിരെയാണ് പോലീസ് കേസെടുത്തത്. വിദ്യാര്‍ഥിനിയെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഹോളി ക്രോസ് നഴ്സിങ് കോളേജ് പ്രതികരിച്ചു. ഏപ്രിൽ 2 ന് വിദ്യാർഥി കലക്ടർക്കും ജാഷ്പൂർ എസ്എസ്പിക്കും പരാതി നൽകിയിരുന്നു. മതപരിവര്‍ത്തനത്തിന് വിസമ്മതിച്ചതിനെത്തുടർന്ന് പീഡനം നേരിടേണ്ടി വന്നതായി വിദ്യാർഥിനി പറയുന്നു. എന്നാൽ ആരോപണങ്ങൾ തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും സിസ്റ്റർ ബിൻസി കാത്തലിക് കണക്റ്റിന് വ്യക്തമാക്കി.
കത്തോലിക്കാ സഭയിൽ ചേരാനും കന്യാസ്ത്രീയാകാനും തന്നോട് ആവശ്യപ്പെട്ടു എന്ന വിദ്യാർഥിനിയുടെ ആരോപണവും അവർ നിഷേധിച്ചു. വിദ്യാര്‍ഥിനി ജനറൽ നഴ്സിങ് അവസാന വര്‍ഷ ട്രയിനി ആണെന്നും അവരുടെ റെഗുലര്‍ ക്ലാസുകൾ അവസാനിച്ചതാണെന്നും ബിൻസി പറയുന്നു. ജനുവരി 1 മുതൽ വിദ്യാര്‍ഥിനി ആശുപത്രി ഡ്യൂട്ടികളിൽ നിന്നും വിട്ടുനിന്നിരുന്നു. അവസാന തിയറി പരീക്ഷക്ക് മാത്രമാണ് ഹാജരായത്. പ്രാക്ടിക്കൽ അസസ്മെന്‍റുകൾ ഒഴിവാക്കിയിരുന്നു.