മലപ്പുറം : കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെയുടെ നേതൃത്വത്തില്‍ അടിച്ച് തകര്‍ത്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എ ഒന്നാം പ്രതി. അന്‍വറിനെ ഉടനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം നടത്തുന്നുവെന്നാണ് സൂചന. അന്‍വറിന്റെ വീടിന് മുന്നില്‍ ഇപ്പോള്‍ വന്‍ പോലീസ് സന്നാഹമാണ് എത്തിയിരിക്കുന്നത്. ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ അന്‍വറിന്റെ വീടിനടുത്ത് എത്തിയിട്ടുണ്ട്. മലപ്പുറം എടവണ്ണ ഒതായിയിലുള്ള അന്‍വറിന്റെ വീട്ടിലാണ് ഇപ്പോള്‍ പോലീസ് എത്തിയിരിക്കുന്നത്. പിവി അന്‍വര്‍ ഉള്‍പ്പടെ 11 ഓളം പേര്‍ക്ക് എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിഷേധത്തിനിടെ ഡിഎംകെ പ്രവര്‍ത്തകര്‍ പോലീസിനെ മര്‍ദിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.
എഫ്‌ഐആറിന്റെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. ഇന്ന് ഉച്ചയോടെ ഫോറസ്റ്റ് ഓഫിസില്‍ സംഘര്‍ഷഭരതമായ സാഹചര്യമായിരുന്നു. പെട്ടെന്നാണ് പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലേക്ക് ഇരച്ചുകയറിയത്. ഇന്ന് ഞായറാഴ്ചയായതിനാല്‍ ഡിഎഫ്ഓഫീസില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. അടഞ്ഞുകിടന്ന ഓഫീസിലേക്ക് കൂട്ടത്തോടെ പ്രവര്‍ത്തകര്‍ കയറുകയായിരുന്നു. കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മണി കൊല്ലപ്പെട്ടതില്‍ വനെ വകുപ്പിനെ രൂക്ഷമായി പിവി അന്‍വര്‍ വിമര്‍ശിച്ചിരുന്നു. വനം വകുപ്പ് നടത്തിയ കൊലപാതകമാണെന്ന് പിവി അന്‍വര്‍ ആരോപിച്ചിരുന്നു. പരുക്കറ്റ മണിയെ മണിക്കൂറുകള്‍ കഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. 9 ദിവസത്തിനിടെ 6 പേരെ ആന കൊന്നുവെന്നും സര്‍ക്കാര്‍ എന്ത് ചെയ്‌തെന്നും അന്‍വര്‍ ചോദിച്ചു. എംഎല്‍എ എന്ന നിലയില്‍ തനിയ്ക്ക് ഒരു കോള്‍ പോലും വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസി കുടുംബങ്ങള്‍ക്ക് വീട്ടിലേക്ക് എത്താന്‍ ഉള്ള വഴിയിലെ അടിക്കാടുകള്‍ പോലും വെട്ടുന്നില്ലെന്ന് എംഎല്‍എ ആരോപിച്ചിരുന്നു.