ഹൈദരാബാദ്: പ്രാദേശിക വാർത്ത ചാനൽ റിപ്പോർട്ടറെ മൈക്ക് പിടിച്ചുവാങ്ങി തല്ലിയെന്ന പരാതിയിൽ തെലുങ്ക് നടനും നിർമാതാവുമായ മോഹൻ ബാബുവിനെതിരെ കേസ്. മോഹൻ ബാബുവും ഇളയ മകനും നടനുമായ മഞ്ചു മനോജും തമ്മിലുള്ള സ്വത്ത് തർക്കത്തെ കുറിച്ചു വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിലാണു സംഭവം. മഞ്ജു മനോജ് വീടിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ സുരക്ഷ ഏജൻസി ഉദ്യോഗസ്ഥർ അദ്ദേഹത്തെ പുറത്തേക്ക് തള്ളിയതോടെയാണ് സംഘർഷം തുടങ്ങിയത്. ഇത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരും ആക്രമണത്തിനിരയായി. ഇഷ്ടമില്ലാത്ത ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകന്റെ മൈക്ക് പിടിച്ചുവാങ്ങി അടിക്കുകയായിരുന്നു. ഇതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മകൻ വീട്ടിലേക്കു പ്രവേശിക്കാൻ ശ്രമിച്ചത് മോഹൻ ബാബുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. സംഭവത്തിൽ നടനെതിരെ രചകോണ്ട പോലീസ് കേസെടുത്തു.
മുഖത്തടിയേറ്റതിനെ തുടർന്നു ഗുരുതര പരുക്കേറ്റ രഞ്ജിത് കുമാറെന്ന മാധ്യമപ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനോജും ഭാര്യയും ചേർന്ന് ഭീഷണിപ്പെടുത്തിയും ബലപ്രയോഗത്തിലൂടെയും ജൽപള്ളിയിലെ വീട് കൈവശപ്പെടുത്താൻ പദ്ധതിയിടുന്നതായി ആരോപിച്ച് തിങ്കളാഴ്ച മോഹൻ ബാബു പോലീസിൽ പരാതി നൽകിയതോടെയാണ് മഞ്ചു കുടുംബത്തിലെ പൊട്ടിത്തെറി പരസ്യമായത്. ഹൈദരാബാദിലെ ജൽപള്ളിയിലുള്ള തന്റെ വസതി പിടിച്ചെടുക്കാൻ മകനും മരുമകളും ശ്രമിക്കുന്നുവെന്നാണ് മോഹൻ ബാബുവിന്റെ ആരോപണം. എന്നാൽ, സ്വത്തിൽ ഒരു ഓഹരിക്ക് വേണ്ടിയല്ല, ആത്മാഭിമാനത്തിനാണ് താൻ പോരാടുന്നതെന്ന് മനോജ് ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. തനിക്കും കുടുംബത്തിനും പോലീസ് സംരക്ഷണം തേടിയതായും ഈ വിഷയത്തിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ കണ്ടതായും അദ്ദേഹം പറഞ്ഞു. മഞ്ജു മനോജും ഇതുമായി ബന്ധപ്പെട്ട് മറ്റൊരു പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാത്രി അജ്ഞാതരായ പത്ത് പേർ തൻറെ വീട്ടിൽ അതിക്രമിച്ചു കയറിയെന്നും അവർ നടത്തിയ കയ്യേറ്റത്തിൽ തനിക്ക് പരിക്കേറ്റുവെന്നും എതിർ പരാതിയിൽ മനോജ് ആരോപിച്ചു.