ഭോപാൽ: നടുറോഡിൽ യുവതിക്കൊപ്പം നഗ്നതാ പ്രദർശനം നടത്തിയ ബിജെപി എംഎൽഎക്കെതിരെ കേസ്. മധ്യപ്രദേശിലെ മന്ദ്‌സൗറിൽ നിന്നുള്ള അംഗം മനോഹർ ലാൽ ധാക്കഡിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിന്നുള്ള ദൃശ്യങ്ങൾ, സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്. മെയ് 13നാണ് സംഭവം എന്നാണ് വിവരം. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഒരു സ്ത്രീയുമായി വെളുത്ത കാറിൽ നിന്ന് ഇറങ്ങിയ ശേഷമായിരുന്നു എംഎൽഎയുടെ അതിരുവിട്ട അഭ്യാസപ്രകടനം.
വീഡിയോ വൈറലായതോടെ ‘ധാക്കഡ് മഹാസഭ യൂത്ത് അസോസിയേഷൻ’ അദ്ദേഹത്തെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ബിജെപിയും ഇതുസംബന്ധിച്ച ചോദ്യങ്ങളോട് അകലം പാലിക്കുകയാണ് ചെയ്തത്. അദ്ദേഹം പാർട്ടിയുടെ പ്രാഥമിക അംഗമല്ലെന്നും ഓൺലൈൻ രജിസ്ട്രേഷൻ വഴിയാണ് ചേർന്നതെന്നുമായിരുന്നു ആദ്യ ഘട്ടങ്ങളിലെ വിശദീകരണം. പിന്നീട് നിലപാട് മാറ്റി. അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരനെന്ന് ബോധ്യപ്പെട്ടാൽ പാർട്ടി അദ്ദേഹത്തിനെതിരെ കർശന നടപടിയെടുക്കുമെന്നും ബിജെപി ജില്ലാ മേധാവി രാജേഷ് ദീക്ഷിത് പറഞ്ഞു. അതേസമയം എംഎൽഎയുടെ കാർ തന്നെയാണ് ഇതെന്നും അദ്ദേഹത്തിന്റേ പേരിലാണ് രജിസ്റ്റർ ചെയ്തതെന്നും ഗതാഗത വകുപ്പിന്റെ രേഖകൾ പ്രകാരം വ്യക്തമായി.