കോഴിക്കോട് : മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി വിട്ടയച്ചു. നടക്കാവ് എസ് ഐയുടെ നേതൃത്വത്തിൽ ഇന്ന് രണ്ട് മണിക്കൂർ നേരമാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്. നടക്കാവ് പോലീസ് സ്റ്റേഷന് മുന്നിൽ മുദ്രാവാക്യം വിളികളോടെയാണ് ബിജെപി പ്രവർത്തകർ തടിച്ചു കൂടിയത്. പ്രവർത്തകരുടെ സ്നേഹത്തിന് നന്ദിയെന്ന് ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി മാധ്യമങ്ങളോടും ജനങ്ങളോടും പ്രതികരിച്ചു. ഇന്ന് രാവിലെ 11.50 ഓടെയാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിനായി നടക്കാവ് പോലീസ് സ്റ്റേഷനിൽ ഹാജരായത്.
സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നതിനായി സിറ്റി പോലീസ് കമ്മീഷണര്‍ രാവിലെ നടക്കാവ് പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഇതിനുപിന്നാലെ 11ഓടെ നടക്കാവ് സ്റ്റേഷനിലേക്ക് പദയാത്ര ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി. രമേഷ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്ലക്കാര്‍ഡുകളുമേന്തി പദയാത്ര നടത്തിയത്. ഇംഗ്ലീഷ് പള്ളി മുതല്‍ നടക്കാവ് സ്റ്റേഷന്‍ വരെ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.