ബഹ്റൈച്ച്: ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം നാലുപേർക്കെതിരെ കേസ്. ബംഗളൂരുവിൽ താമസിക്കുന്ന ശതാബ് എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. അമ്മാവന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ബഹ്റെച്ചിലെ നാഗൗർ ഗ്രാമത്തിലെത്തിയതായിരുന്നു ശതാബ്. നല്ല റീൽസെടുക്കാനായി ശതാബിന്റെ കൈയിലുണ്ടായിരുന്ന ഐഫോൺ മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. ജൂൺ 20ന് ആണ് ശതാബിനെ കാണാതാവുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഗ്രാമത്തിലെ പേരക്കത്തോട്ടത്തിലെ തകർന്ന കുഴൽകിണറിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴുത്തറുത്ത ശേഷം കല്ലുകൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.
14ഉം 16ഉം വയസ്സുള്ള രണ്ട് കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. നാല് ദിവസം മുമ്പ് തന്നെ കൊലപാതകം നടത്താനുള്ള ആസൂത്രണം നടത്തിയതായും ഫോണിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും കുട്ടികൾ പറഞ്ഞതായി പോലീസ് പറഞ്ഞു. റീൽസെടുക്കാമെന്ന് പറഞ്ഞ് ശതാബിനെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് എത്തിച്ച ശേഷമാണ് കൊലപ്പെടുത്തിയത്. ശതാബിന്റെ ഫോണും, കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കല്ലും പോലീസ് കണ്ടെടുത്തു. കുട്ടികളെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ഒളിപ്പിക്കാൻ സഹായിച്ച ബന്ധു അടക്കം നാലുപേർക്കെതിരെ ബിഎൻഎസ് 103, 238 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. മൃതദേഹം കണ്ടെടുത്തതോടെ കുട്ടികളും കുടുംബവും ഒളിവിൽ പോയിരുന്നു. കുട്ടികളെ ജുവനൈൽ ഹോമിലേക്ക് മാറ്റിയതായി എസ്എച്ച്ഒ അറിയിച്ചു.