തിരുവനന്തപുരം: ഇടത് നേതാക്കള്‍ ഉള്‍പ്പെട്ട കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ വിവിധ കോടതികളില്‍ അപേക്ഷ നല്കി. നിയമസഭയിലെ അക്രമക്കേസ് പിന്‍വലിക്കാനുള്ള നീക്കം കോടതി തള്ളിയെങ്കിലും അത് മാനിക്കാതെയാണ് പൊതുമുതല്‍ നശിപ്പിച്ച കേസുകള്‍ കൂട്ടത്തോടെ അവസാനിപ്പിക്കാനുള്ള നീക്കം.
സി.പി.എം സംസ്ഥാന ഭാരവാഹികളും ഇടതു നേതാക്കളും, എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ഉള്‍പ്പെട്ട, പൊതുമുതല്‍ നശീകരണ കേസുമായി ബന്ധപ്പെട്ട 70 ലധികം കേസുകള്‍ പിന്‍വലിക്കാനാണ് കോടതികളില്‍ അപേക്ഷ നല്‍കിയത്. പി.എസ്.സി പരീക്ഷ തട്ടിപ്പ് പ്രതികള്‍ ഉള്‍പ്പെട്ട കേസുകള്‍ പോലും ഇതില്‍പ്പെടും.
തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം ട്രാഫിക് നിയമം ലംഘിച്ച എസ്.എഫ്.എ പ്രവര്‍ത്തകനെ പിടികൂടിയതിന്റെ പേരില്‍ പോലീസുകാരനെ മര്‍ദിക്കുകയും പോലീസ് ജീപ്പ് അടിച്ചുതകര്‍ക്കുകയും ചെയ്ത എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരായ കേസാണിത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് കേസുകള്‍ അവസാനിപ്പിക്കാനാണ് നീക്കം.